ലോറിക്കു പിന്നിലിടിച്ച പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി തിരൂർ സ്വദേശി മരിച്ചു


പാലക്കാട്‌: സംസ്ഥാന അതിർത്തിക്കു സമീപം ചാവടിപ്പാലത്തിൽ ലോറിക്കു പിന്നിൽ ഇടിച്ച പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി ആഷിക്ക് അലി (34) ആണ് മരിച്ചത്. വാൻ ഡ്രൈവർ മണികണ്ഠൻ ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു. ചരക്കു ലോറിയിലെയും കണ്ടെയ്നർ ലോറിയിലെയും യാത്രക്കാർക്ക് നേരിയ പരുക്കുകളുണ്ട്.

മൂന്ന് വാഹനങ്ങളും കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്ക് വരികയായിരുന്നു. പച്ചക്കറിയുമായി പോയ ചരക്കു ലോറിയിലേക്കു ആദ്യം മീൻ കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു നിന്നു. ഇതിലേക്കു പിന്നിലെത്തിയ കണ്ടെയ്നർ ഇടിച്ചു കയറുകയും വാൻ ചരക്കുലോറിക്കു അടി വശത്തേക്കു നീങ്ങുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

കേരള അതിർത്തിയിൽ പരിശോധനയ്ക്കുണ്ടായിരുന്ന വാളയാറിലെ പൊലീസ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്നു കഞ്ചിക്കോട് അഗ്നിരക്ഷാസേനയെത്തി പിക്കപ്പ് വാൻ ഹൈഡ്രോളിങ് കട്ടറും സ്പൈഡറും ഉപയോഗിച്ചു വെട്ടിപ്പൊളിച്ചാണു പരിക്കേറ്റവരെ പുറത്തെടുത്ത്.

ഗുരുതര പരിക്കേറ്റ ആഷിക്ക് അലിയെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.