ട്രെയിനുകളിൽ മോഷണം പതിവാക്കിയ രണ്ട് തിരൂർ സ്വദേശികൾ പിടിയിൽ

കൊല്ലം: ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തിയിരുന്ന യുവാക്കള്‍ കൊല്ലം റെയില്‍വേ പപൊലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേസ്​റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മലപ്പുറം തിരൂര്‍  സ്വദേശികളായ  തെക്കൻ കൂറ്റൂർ ആലുക്കൽ വീട്ടിൽ ജുനൈദ്(26),തേവർകുളത്തിൽ വീട്ടിൽ നിഹാദ് (22) എന്നിവരാണ് കൊല്ലം റെയില്‍വേ പോലീസ് പിടികൂടിയത്.
എസ്​.എച്ച്‌​.ഒ ആര്‍.എസ്. രഞ്ജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ്​ ഇവര്‍ ട്രെയിനുകളിലെ സ്ഥിരം മോഷ്​ടടാക്കളാണെന്ന് വ്യക്തമായത്​. ഇവരുടെ  കൈയില്‍ നിന്ന്​ അഞ്ച് മൊബൈല്‍ ഫോണും 10,000 രൂപയും ഒരു പഴ്സും കണ്ടെടുത്തു. ജുനൈദ് നിരവധി മോഷണക്കേസിലെ പ്രതിയാണ്.

മലപ്പുറം ജില്ലയിലെ അഞ്ചോളം സ്​റ്റേഷനുകളില്‍ മോഷണക്കേസുകളും എന്‍.ഡി.പി.എസ്​ കേസുകളുമുള്ള ജുനൈദ് മുൻപ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.

ഇവരെ റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലില്‍ എത്തിച്ചപ്പോള്‍ പൊലീസുകാരെ ചവിട്ടി വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച നിഹാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്​. സി.പി.ഒമാരായ ജിനദേവ്, കെ.ആര്‍. രാജേഷ്, ഷൈന്‍ മോന്‍ , എസ്. ബിജു, അനില്‍കുമാര്‍, സതീഷ്‌ ചന്ദ്രന്‍, ഡി. ജോസ്, പ്രശാന്ത്, ഡയാന എന്നിവരും പ്രതികളെ അറസ്​റ്റ്​ ചെയ്​ത സംഘത്തിലുണ്ടായിരുന്നു