തിരുവനന്തപുരത്തും കരിപ്പൂർ മോഡൽ സ്വർണം പൊട്ടിക്കൽ
തിരുവന്തപുരം: തിരുവനന്തപുരത്തും കരിപ്പൂർ മാതൃകയിൽ സ്വർണം പൊട്ടിക്കലെന്ന് സൂചന. ഓഗസ്റ്റ് 13ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശി അൽ അമീനെ കാണാതായതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.

അൽ അമീനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വലിയതുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂരിലെ പോലെ സ്വർണം പൊട്ടിക്കൽ തിരുവനന്തപുരത്തും നടന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. സ്വര്‍ണം കടത്തിയ ഇയാൾ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് സംശയം. അൽ അമീൻ പോയ വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മഞ്ചേരി സംഘത്തിനായി അൽ അമീൻ കടത്തിയ സ്വർണം കണ്ണൂർ സംഘം കൊണ്ടുപോയെന്നാണ് കരുതുന്നത്. ഒന്നുകിൽ അൽ അമീനെ കണ്ണൂർ സംഘം തട്ടിക്കൊണ്ടുപോയി, അല്ലെങ്കിൽ അവർക്കൊപ്പം അയാൾ സ്വമേധയാ പോയി എന്ന നിഗമനത്തിലാണ് പൊലീസ്.