കുവൈത്തിലേക്ക്‌ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നാളെ മുതല്‍

കുവൈത്ത്‌സിറ്റി : ഇന്ത്യ, ഈജിപ്‌ത്‌, പാകിസ്‌ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌,നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പ്രധാനമന്ത്രി ഷേഖ്‌ സബാഹ്‌ ഖാലിദ്‌ അല്‍ ഹമദ്‌ അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കുവൈറ്റ്‌ മന്ത്രിസഭ അനുമതി നല്‍കി. രാജ്യത്തെ കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്‌ചയിക്കുന്ന വ്യവസ്‌ഥകള്‍ക്ക്‌ അനുസരിച്ചാകും അനുമതി. ഇതിന്റെ അടിസ്‌ഥാനത്തില്‍ വ്യോമയാന വകുപ്പ്‌ (ഡി.ജി.സി.എ) പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

ആദ്യ വിമാനം ഈജിപ്‌തില്‍ നിന്ന്‌ വ്യാഴാഴ്‌ച രാവിലെ എത്തും. അന്ന്‌ തന്നെ ഇന്ത്യയില്‍ നിന്നുള്ള രണ്ട്‌ വിമാനങ്ങള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്‌. ആറ്‌ പ്രധാന നിര്‍ദേശങ്ങളാണു മുന്നോട്ടുവച്ചിട്ടുള്ളത്‌.

ഫൈസര്‍, മൊഡേണ, ആസ്‌ട്രസെനക, ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍ എന്നീ വാക്‌സിനുകളാണ്‌ കുവൈത്ത്‌ അംഗീകരിച്ചിട്ടുള്ളത്‌. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്‌ വാക്‌സിന്‍ ആസ്‌ട്രസെനകയാണ്‌- ഇതിന്‌ അംഗീകാരമുണ്ട്‌.
കുടാതെ, കുവൈത്ത്‌ അംഗീകരിക്കാത്ത വാക്‌സിനുകളായ സിനോ ഫാം, സിനോവാക്‌, സ്‌പുട്‌നിക്‌ 5 എന്നിവ രണ്ട്‌ ഡോസ്‌ വീതം എടുത്തവര്‍ക്ക്‌ കുവൈത്ത്‌ അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളില്‍ ഒന്ന്‌ സ്വീകരിച്ചാലും അനുമതി ലഭ്യമാകും.
കുവൈത്തിലെ വാക്‌സിന്‍ എടുത്തവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഇമ്മ്യൂണ്‍ ആപ്പ്‌/ കുവൈത്ത്‌ മൊസാഫീര്‍, കുവൈത്ത്‌ മൊബൈല്‍ ഐ.ഡി ആപ്ലിക്കേഷനുകളില്‍ അനുമതി ലഭിച്ചിരിക്കണം.

കുവൈത്തിന്‌ പുറത്ത്‌ വാക്‌സിന്‍ സ്വീകരിച്ചവരുടെ പാസ്‌പോര്‍ട്ടിലെ പേര്‌ തന്നെയായിരിക്കണം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലും ഉണ്ടാകേണ്ടത്‌. ഏത്‌ തരം വാക്‌സിനാണ്‌ സ്വീകരിച്ചത്‌, ഏത്‌ ദിവസമാണ്‌ സ്വീകരിച്ചത്‌, വാക്‌സിന്‍ നല്‍കിയ ഏജന്‍സിയുടെ പേര്‌, ഇലക്‌ട്രോണിക്‌ ക്യൂആര്‍ കോഡ്‌ എന്നിവ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണം, അല്ലാത്തപക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ്‌ ചെയ്‌തിരിക്കണം.

വാക്‌സിനുകള്‍ സ്വീകരിച്ച ഗാര്‍ഹിക തൊഴിലാളികള്‍ ബില്‍സലാമാഹ്‌ പ്ലറ്റ്‌ഫോമില്‍ പേര്‌ രജിസ്‌്രടര്‍ ചെയ്‌തിരിക്കണം.
എല്ലാ വിമാന സര്‍വീസ്‌ കമ്പിനികളും യാത്രകള്‍ക്ക്‌ മുമ്പായി ഷോലേനക്ക്‌ ആപ്ലിക്കേഷന്‍ യാത്രക്കാരെ കൊണ്ട്‌ ആക്‌ടീവേറ്റ്‌ ചെയ്യിച്ചിരിക്കണം.
യാത്രക്ക്‌ 72 മണിക്കൂര്‍ മുമ്പ്‌ സമയപരിധിയില്‍ നടത്തിയ പി.സി.ആര്‍ പരിശോധന അനുസരിച്ച്‌ കോവിഡ്‌ മുക്‌തനായിരിക്കണം, കുവൈത്തില്‍ എത്തിയശേഷം ഒരാഴ്‌ചത്തെ ക്വാറന്റൈന്‍ എന്നിങ്ങനെയുള്ള നടപടികള്‍ പാലിക്കണം.
കോവിഡ്‌ രണ്ടാം തരംഗത്തിനെ തുടര്‍ന്നാണ്‌ കുവൈറ്റ്‌ വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്‌. ഓഗസ്‌റ്റ്‌ ഒന്നു മുതല്‍ തുറന്നിരുന്നെങ്കിലും, പ്രതിദിനം 5000-പേര്‍ക്ക്‌ മാത്രമാണ്‌ രാജ്യത്തേക്ക്‌ പ്രവേശിക്കാനുള്ള അനുമതി നല്‍കിയിരുന്നത്‌.പിന്നീട്‌ അത്‌ 7500 ആക്കി. നിലവില്‍ 15,000 ആയി ഉയര്‍ത്തിയിട്ടുണ്ട്‌.
പുതിയ തീരുമാനപ്രകാരം ദീര്‍ഘകാലമായി നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക്‌ കുവൈത്തിലേക്ക്‌ തിരിച്ചുവരാന്‍ കളമൊരുങ്ങിയിരിക്കുകയാണ്‌.