സ്പീക്കർ സന്യാസിയല്ല; പൊതുവിഷയങ്ങളിൽ നിലപാടു പറയുമെന്ന് എം.ബി രാജേഷ്
മാറഞ്ചേരി: സ്പീക്കർ സന്യാസിയല്ലെന്ന് നിയമസഭ സ്പീക്കർ എം.ബി രാജേഷ്. പൊതുവിഷയങ്ങളിൽ നിലപാടു പറയും. അത് പൗരാവകാശമാണ്. സ്പീക്കറാകുന്നതോടെ പൗരാവകാശം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയ പ്രശ്നങ്ങളിൽ സ്പീക്കർ എന്ന നിലയിൽ കക്ഷിയാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മാറഞ്ചേരിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വവിരുദ്ധവുമായിരുന്നുവെന്ന് സ്പീക്കർ പറഞ്ഞു. മലബാർ സമര നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രസംഗത്തിൽ ഭഗത്സിംഗിനോട് ഉപമിച്ചതിനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങൾ വിമർശനം ഉയർത്തിയ സാഹചര്യത്തിലായിരുന്നു സ്പീക്കറുടെ വിശദീകരണം. മലബാർ കലാപത്തിൽ വഴിപിഴക്കലുകളുണ്ടായിരുന്നു. അതിനർഥം സമരം മുഴുവൻ അങ്ങനെയായിരുന്നെന്നല്ല. മലബാർ കലാപത്തിന് ശേഷമുണ്ടായ കാർഷിക കലാപങ്ങളിൽ അങ്ങനെയൊരു വഴിപിഴക്കലുണ്ടായിട്ടില്ല. അതിനു കാരണം അവക്ക് കമ്മ്യൂണിസത്തിന്‍റെ ഒരു ദാർശനിക അടിത്തറ ഉണ്ടായിരുന്നു എന്നതാണെന്നും എം.ബി രാജഷ് പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും. അതിനെ നേരിടാനുള്ള ജാഗ്രത എപ്പോഴുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.