കൊണ്ടോട്ടിയില്‍ വാക്സിനേഷന്‍ ക്യാമ്പിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. വനിത ജീവനക്കാരി ഉള്‍പ്പെടെയുള്ള മൂന്ന് ആരോഗ്യപ്രവര്‍ത്തകരെ വാക്‌സിന്‍ എടുക്കാന്‍ എത്തിയ ആള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം കൊണ്ടോട്ടി ചിറയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പിനിടെയാണ് സംഭവം നടന്നത്. വാക്‌സിനെടുക്കാന്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ രാജേഷ്, ശബരിഗീരിഷ്, ജൂനിയര്‍ ഹെല്‍ത്ത് വര്‍ക്കര്‍ രമണി എന്നിവര്‍ക്കാണ് മർദനമേറ്റത്.

എപ്പോള്‍ വാക്‌സിന്‍ നല്‍കുമെന്ന് ചോദിച്ചയാളോട് സാങ്കേതിക തകരാര്‍ ഉണ്ടെന്നും ഉടന്‍ പരിഹിരിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ ഓഫീസറെ കാണണമെന്ന് പറഞ്ഞ് വാക്‌സിന്‍ എടുക്കാന്‍ എത്തിയ ആള്‍ ബഹളം വെച്ചു. ഇത് ശരിയല്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറയുകയും ബഹളം വെച്ച ഇവരെ ജീവനക്കാര്‍ പിടിച്ചുമാറ്റാനെത്തുകയും ചെയ്തതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്.

കരിപ്പുര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന.