മധ്യവയസ്കനെ കാണാനില്ല; പുഴയിൽ ചാടിയെന്ന് സംശയം
പൊന്നാനി: വീട്ടിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. മലപ്പുറം ആരോഗ്യ മിഷനിലെ താൽക്കാലിക ഡ്രൈവർ തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാജ് കുമാർ എന്ന രാജനെയാണ് (53) വ്യാഴാഴ്ച അർധരാത്രി കാണാതായത്. നേരത്തെ പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറായിരുന്നു.
ഇദ്ദേഹം ഓടിക്കുന്ന ആരോഗ്യ മിഷന്‍റെ വാഹനം പൊന്നാനി കുണ്ടുകടവ് പാലത്തിൽ കണ്ടെത്തി. പുഴയിലേക്ക് ചാടിയതാണെന്ന സംശയത്തെത്തുടർന്ന് തെരച്ചിൽ ആരംഭിച്ചു. രാവിലെ തുടങ്ങിയ തെരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവത്തിന് ദൃക്സാക്ഷികൾ ആരുമില്ല.
രാജന്‍റെ മകൻ ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടർന്ന് ഏറെ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാജനെ പന്ത്രണ്ട് മണിയോടെ കാണാതാവുകയായിരുന്നു. തെരച്ചിലിനിടെയാണ് വാഹനം പാലത്തിൽ കണ്ടെത്തിയത്. രാത്രി തന്നെ ബന്ധുക്കൾ പൊന്നാനി പൊലീസിൽ വിവരമറിമറിയിച്ചു. തുടർന്നാണ് ഫയർഫോഴ്സ് സംഘം രാവിലെ മുതൽ കുണ്ടുകടവ് പാലത്തിന് സമീപം പുഴയിൽ തെരച്ചിൽ നടത്തിയത്.