പൈലറ്റിന് നെഞ്ചുവേദന; മസ്‌കത്ത് – ധാക്ക വിമാനം നാഗ്പുരിൽ ഇറക്കി
നാഗ്പുര്‍: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പോയ വിമാനം പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നാഗ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്റെ വിമാനമാണ് നാഗ്പൂരില്‍ ഇറക്കിയത്.
126 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനം ഛത്തീസ്ഗഢിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ നൗഷാദിന് ഹൃദയാഘാതം ഉണ്ടായത്. കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) നെയാണ് വിമാനത്തില്‍നിന്ന് ഇക്കാര്യം അറിയിച്ചതെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വ്യക്തമാക്കി. തുടര്‍ന്ന് നാഗ്പുര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ എടിസി നിര്‍ദ്ദേശം നല്‍കി.
രാവിലെ 11.37 ന് നാഗ്പൂരില്‍ സുരക്ഷിതമായി ഇറക്കിയ വിമാനത്തില്‍നിന്ന് പൈലറ്റിനെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര തുടരാന്‍ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റന്‍ നൗഷാദിന്റെ ആരോഗ്യനില തൃപ്തികരമാണ്.