കൊവിഡ്: റദ്ദാക്കിയ നാലു ട്രെയിനുകൾ തിങ്കളാഴ്ച പുനഃരാരംഭിക്കും
തിരുവനന്തപുരം: കൊവിഡിൽ നിറുത്തിയ ജനറൽ കോച്ച് യാത്രകൾ നാലു ട്രെയിനുകളിൽ തിങ്കളാഴ്ച പുനഃരാരംഭിക്കും. കൊല്ലം – എറണാകുളം മെമു, എറണാകുളം – കൊല്ലം മെമു, കണ്ണൂർ – മംഗലാപുരം,മംഗലാപുരം – കണ്ണൂർ പാസഞ്ചർ ട്രെയിനുകളുമാണ് ജനറൽ കോച്ചുകളുമായി സർവീസ് തുടങ്ങുന്നത്. ഈ ട്രെയിനുകളിൽ സീസൺടിക്കറ്റ്, കൗണ്ടർ ടിക്കറ്റ് യാത്രകളും അനുവദിക്കും. മേയിലാണ് ജനറൽ കോച്ച് യാത്ര നിറുത്തിയത്.

മറ്റ് പാസഞ്ചർ ട്രെയിനുകളും ഉടൻ പുനഃരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ എല്ലാ ട്രെയിനുകളിലും റിസർവേഷൻ യാത്രകൾ മാത്രമാണുള്ളത്. അധിക ചാർജ്ജ് വാങ്ങി സ്‌പെഷ്യൽ സർവീസാണ് നടത്തുന്നത്. ദേശീയതലത്തിൽ സർവീസുകളിലെ ഇളവുകൾ വർദ്ധിപ്പിക്കാനും റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം തുടരുന്ന കേരളത്തിൽ എത്ര പാസഞ്ചർ ട്രെയിനുകളും മെമു സർവീസുകളും പുനഃരാരംഭിക്കണം എന്നതു സംബന്ധിച്ച റിപ്പോർട്ട് റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ആലോചിച്ച് റിസർവേഷനില്ലാത്ത ട്രെയിനുകളിൽ യാത്രാസൗകര്യം വിപുലമാക്കും. കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിച്ച സാഹചര്യത്തിൽ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ എതിർപ്പുണ്ടാകില്ലെന്നാണ് പ്രതീക്ഷ.

ഓഫീസ് ജീവനക്കാർ ആശ്രയിക്കുന്ന സർവീസുകൾ പുനഃസ്ഥാപിക്കാനാണ് മുൻഗണന. ഇപ്പോൾ പാസഞ്ചറില്ലാത്ത തിരുവനന്തപുരം – കൊല്ലം, കൊല്ലം – പുനലൂർ, തിരുവനന്തപുരം – നാഗർകോവിൽ, ഷൊർണൂർ – നിലമ്പൂർ സെക്ഷനുകളിൽ വൈകാതെ ട്രെയിനുകൾ ഓടിത്തുടങ്ങും. എറണാകുളം – ഗുരുവായൂർ, എറണാകുളം – കായംകുളം (കോട്ടയം വഴി), പുനലൂർ – കന്യാകുമാരി, തിരുവനന്തപുരം – നാഗർകോവിൽ പാസഞ്ചറുകളും ആദ്യ ഘട്ടത്തിൽ ഓടിക്കും.

കൊല്ലം – എറണാകുളം (ആലപ്പുഴ വഴി), എറണാകുളം – ഷൊർണൂർ, ഷൊർണൂർ – കണ്ണൂർ മെമു സർവീസുകളാണ് ഇപ്പോഴുള്ളത്. ഇവയിലും എക്‌സ്‌പ്രസ് ട്രെയിനുകളുടെ നിരക്കാണ് നിലവിൽ ഈടാക്കുന്നത്.
ജനറൽ കോച്ച് പുനഃസ്ഥാപിക്കുന്ന ട്രെയിനുകൾ
കൊല്ലം – എറണാകുളം മെമു
എറണാകുളം – കൊല്ലം മെമു
കണ്ണൂർ – മംഗലാപുരം,
മംഗലാപുരം – കണ്ണൂർ പാസഞ്ചർ