ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെട്ടിട്ട് 2 വർഷം
പുലാമന്തോൾ: കോടികളുടെ ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് വടക്കൻ പാലൂർ സ്വദേശി മേലേപീടിയേക്കൽ അബ്‌ദുൽ ഷുക്കൂർ (25) കൊല്ലപ്പെട്ടിട്ട് ഇന്നലെ 2 വർഷം പിന്നിട്ടെങ്കിലും നാട്ടുകാർക്കും അന്വേഷണ സംഘത്തിനും ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ ബാക്കി. 2019 ഓഗസ്‌റ്റ് 29ന് ആണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. ഷുക്കൂറിന്റെ നേതൃത്വത്തിൽ 485 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാടുകൾ നടന്നതായാണ് പറയപ്പെടുന്നത്.
ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമായത്. ഇടപാടിലൂടെ നേടിയ കോടിക്കണക്കിന് രൂപ എന്തു ചെയ്‌തു എന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. തള്ളവിരലിന്റെ വിരലടയാളമായിരുന്നു ഷുക്കൂറിന്റെ ലാപ്‌ടോപിന്റെ പാസ്‌വേഡ്. ഷുക്കൂറിന്റെ കൈവിരലിന്റെ തള്ളവിരൽ മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെയെല്ലാം ഡൊറാഡൂൺ പൊലീസ് അറസ്‌റ്റ് ചെയ്‌തെങ്കിലും പണമിടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.
കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയിലും പരിസര പ്രദേശങ്ങളിമായുള്ള പത്തോളം പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. മലപ്പുറം ജില്ലയിൽനിന്നാണ് പണമിടപാടുകൾ ഏറെയും നടന്നത്. കൊല്ലപ്പെട്ടയാളും പ്രതികളും ജില്ലയിലുള്ളവരാണ്. എന്നിട്ടും പൊലീസ് ഇക്കാര്യത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ല. ഷുക്കൂറിന്റെ മാതാവും ആക്‌ഷൻ കമ്മിറ്റിയും ഇതു സംബന്ധിച്ച് പരാതി നൽകിയ ശേഷമാണ് പൊലീസ് കേസെടുത്തതുതന്നെ.
ഇവിടെ നടന്ന ഗൂഡാലോചനയും തട്ടിക്കൊണ്ടുപോകലും ഇടപാടുകളുമാണ് പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. ഡൊറാഡൂൺ പൊലീസ് അറസ്‌റ്റ് ചെയ്‌ത പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനോ ചോദ്യം ചെയ്യാനോ നടപടി ഉണ്ടായില്ല. അന്വേഷണത്തിന് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക സംഘം ഉണ്ടാക്കുമെന്ന് അന്നത്തെ ഡിജിപി പറഞ്ഞെങ്കിലും 2 വർഷത്തിനിടെ പ്രാഥമികാന്വേഷണം മാത്രമാണ് നടന്നത്.