സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും
റിയാദ്: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ എട്ട് പേരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ബിഹാർ സ്വദേശികൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്കും ഒരു നേപ്പാൾ പൗരനും ഒരു സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു ബംഗ്ലാദേശ് പൗരന്റെ നില ഗുരുതരമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാവിലെ 9.06 ഓടുകൂടി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന ഹൂതികളുടെ രണ്ടാമത്തെ ഡ്രോൺ ആക്രമണം സൗദി സഖ്യസേന തകർത്തു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലിക്കാരായ എട്ടു പേർക്ക് പരിക്കേറ്റത്. വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന സൗദി എയർലൈൻസിന്റെ ബോയിങ് 320 വിമാനത്തിനും ചില ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

ഇന്ന് പുലർച്ചെ മറ്റൊരു ഡ്രോൺ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല.

അബഹ വിമാനത്താവളവും സാധാരണ ജനങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾ എല്ലാ അന്താരാഷ്‌ട്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ളതാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും തുർക്കി അൽ മാലിക്കി പറഞ്ഞു.

ഇറാൻ പിന്തുണയോടെ നടക്കുന്ന ഈ ശ്രമങ്ങളെ അന്തർദേശീയ മാനുഷിക നിയമങ്ങൾക്കനുസരിച്ച് ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.