വാരിയംകുന്നൻ’ സിനിമയിൽ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിൻമാറി
കൊച്ചി: ‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറി. നിർമാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാൻ കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നൻ’ സിനിമ പ്രഖ്യാപിച്ചത്.
കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു മുൻപ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്‍റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് ഇതിൽ നിന്നും പിന്മാറിയിരുന്നു.
1921ലെ മലബാർ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രം പറയുന്നത്. സിനിമയുടെ പേരിൽ നേരത്തെ പൃഥ്വിരാജ് അടക്കമുള്ളവർ സൈബർ ആക്രമണം നേരിട്ടിരുന്നു.
താരത്തിനും കുടുംബത്തിനുമെതിരെ വളരെ മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ നടന്നത്.വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ചിലരുടെ ആരോപണം.