പി വി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടിലെ തടയണകള്‍ പെളിച്ചുമാറ്റണം

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഉടമസ്ഥതലുള്ള കക്കാടംപൊയിലിലെ പി.വി.ആര്‍ നേച്ചര്‍ റിസോര്‍ട്ടിലെ നാല് അനധികൃത തടയണകള്‍ പൊളിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കളക്ടര്‍ എന്‍ തേജസ് ലോഹിത് റെഡ്ഡിയുടെതാണ് ഉത്തരവ്. കളക്ടര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് തടയണകള്‍ പൊളിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

റിസോര്‍ട്ട് ഉടമകള്‍ തടയണ പൊളിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് അതിന്റെ ചെലവ് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഇപ്പോള്‍ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശമുണ്ട്.

റിസോര്‍ട്ടിനുവേണ്ടി മൂന്ന് തടയണകള്‍ ഉള്‍പ്പെടെ നാല് തടയണകള്‍ പണിതായും ഇവ മഴക്കാലത്ത് നീരൊഴുക്ക് തടയുന്നതായും ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസറും ജില്ലാ ജിയോളജിസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടിവി രാജന്‍ നല്‍കിയ ഹര്‍ജിയില്‍ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍, കെ.വി ജിജു എന്നിവര്‍ നല്‍കിയപരാതിയില്‍ രണ്ടര വര്‍ഷമായിട്ടും കോഴിക്കോട് കളക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

ആദ്യതവണ വിചാരണനടത്തിയശേഷം യാതൊരു നടപടിയും സ്വീകരിക്കാതെ ആറുമാസത്തിനു ശേഷം വീണ്ടും വിചാരണനടത്തുന്ന കളക്ടറുടെ നടപടി വിവാദമാവുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018ല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പി.വിആര്‍ നാച്വറോ റിസോര്‍ട്ട്.

ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ 4 തടയണകള്‍കെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നീരുറവക്ക് കുറുകെ റോഡ്പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.