ഗൂഗിള്‍ വഴിയും കോവിഡ് വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം

ഇനി മുതല്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോം വഴിയും ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷനായി കോവിന്‍ വെബ്‌സൈറ്റിലെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്സ്ലോട്ട് ബുക്കിംഗ്, വാക്സിൻ ലഭ്യത തുടങ്ങിയവയെ സംബന്ധിച്ച വിശദമായ വിവരങ്ങൾനൽകാൻ ഗുഗിൾ തീരുമാനിച്ചിരിക്കുന്നത്.

ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റ് തുടങ്ങിയ മൂന്ന് പ്ലാറ്റ്‌ഫോമിലൂടെയായി രാജ്യത്തെ 13,000 കേന്ദ്രങ്ങളിലെ വാക്സിന്‍ ലഭ്യത, അപ്പോയിന്റ്മെന്റുകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഗൂഗിള്‍ ബുധനാഴ്ച അറിയിച്ചു. സേവനങ്ങള്‍ ഈയാഴ്ച തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ചേര്‍ന്നുള്ള ഈ സേവന സംരംഭത്തെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രശംസിച്ചു. കൂടാതെ എങ്ങനെ ഗൂഗിള്‍ വഴി വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റ് എടുക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഗൂഗിള്‍ വഴി കോവിനില്‍ എങ്ങനെഅപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ സാധിക്കും:

  • ഗൂഗിള്‍ സെര്‍ച്ചിലോ ഗൂഗില്‍ മാപ്പിലേക്കോ പോകുക
  • ഗൂഗിളിലെ എഴുതാനുള്ള ബോക്‌സില്‍ ‘എനിക്ക് സമീപമുള്ള കോവിഡ് വാക്‌സിന്‍’ എന്ന് ടൈപ്പ് ചെയ്ത് തിരയുക
  • ശേഷം സ്ലോട്ടുകളുടെ ലഭ്യതയും മറ്റും പരിശോധിക്കുക
  • ‘ബുക്ക് അപ്പോയിന്റ്‌മെന്റ്’ ഫീച്ചറിലേക്കുള്ള ഒരു ഓപ്ഷന്‍ നിങ്ങള്‍ കാണും
  • നിങ്ങള്‍ക്ക് സമീപമുള്ള ഒരു സ്ലോട്ട് ബുക്ക് ചെയ്യാന്‍ അതില്‍ ക്ലിക്ക് ചെയ്യുക

സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ കോവിന്‍ എപിഐകളില്‍ നിന്നുള്ള തത്സമയ ഡാറ്റയാണ് നല്‍കുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലെയും അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകളുടെ ലഭ്യത, വാക്‌സിനുകളും ഡോസുകളും (ഡോസ് 1 അല്ലെങ്കില്‍ ഡോസ് 2), വിലനിര്‍ണ്ണയം (പണമടച്ചതോ സൗജന്യമോ) തുടങ്ങിയ വിവരങ്ങളും ഇതിൽ കാണിക്കും. കൂടാതെ ബുക്കിംഗിനായി കോവിന്‍ വെബ്‌സൈറ്റിന്റെ ഒരു ലിങ്കും ഉള്‍പ്പെടുന്നുണ്ട്.

ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയില്‍ ഉപയോക്താക്കള്‍ അവരുടെ അടുത്തുള്ള വാക്‌സിന്‍ സെന്ററുകളോ മറ്റോ തിരയുമ്പോള്‍ വിവരങ്ങള്‍ സ്വയമേ ദൃശ്യമാകുന്ന തരത്തിലാണ് ഗൂഗിള്‍ സജ്ജീകരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഇംഗ്ലീഷിന് പുറമേ, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങി എട്ട് ഇന്ത്യന്‍ ഭാഷകളിലും വാക്‌സിന്‍ വിവരങ്ങള്‍ തിരയാന്‍ കഴിയും.

ഇന്ത്യയിലെ എല്ലാ വാക്‌സിനേഷന്‍ സെന്ററുകളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് കോവിന്‍ ടീമുമായി അടുത്ത പങ്കാളിത്തം തുടരുമെന്ന് ഗൂഗിള്‍ അറിയിച്ചു. “ആളുകള്‍ അവരുടെ ജീവിതം നിയന്ത്രിക്കുന്നതിനായി പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കുന്നത് തുടരുമ്പോള്‍, ഞങ്ങളുടെ പ്ലാറ്റ്ഫോമുകളിലുടനീളം ആധികാരികവും സമയബന്ധിതവുമായ വിവരങ്ങള്‍ കണ്ടെത്താനും പങ്കിടാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” ഗൂഗിള്‍ സെര്‍ച്ച് ഡയറക്ടര്‍ ഹേമ ബുദരാജു പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച്, കോവിഡ് -19 വാക്സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ കാണിച്ചുതുടങ്ങിയിരുന്നു.