മാരക മയക്ക്മരുന്നായ എംഡിഎംഎ നിർമ്മാണം ഇന്ത്യയിലും.
കൊച്ചി: കഞ്ചാവിനേക്കാൾ ആവശ്യക്കാർ മാരക സിന്തറ്റിക് മയക്കുമരുന്നായി എംഡിഎംഎയ്ക്കു കൂടിയപ്പോൾ ഇപ്പോൾ ഇന്ത്യയിലും നിർമാണം വ്യാപകമായിത്തുടങ്ങിയെന്നു സൂചന. ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവരെ പാചകക്കാർ (കുക്കർമാർ) എന്ന ചുരുക്കപ്പേരിലാണ് ഇടപാടുകാർക്കിടയിൽ അറിയപ്പെടുന്നത്.
വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു ലഹരിയെത്തുന്നതിലെ കാലതാമസം മുതലെടുത്താണ് ഇന്ത്യൻ നിർമിത എംഡിഎംഎ നിർമിക്കുന്നത്. ഇതിന്റെ ആവശ്യക്കാർ ഏറെയും കേരളത്തിലാണെന്നാണ് വിവരം.
സ്വർണം പോലെ
അന്താരാഷ്ട്ര വിപണിയിൽ ഏറെ വിലപിടിപ്പുള്ള ലഹരിമരുന്നുകളിൽ ഒന്നാണ് എംഡിഎംഎ. വെള്ളാരംകല്ലിന്റെ രൂപത്തിലുള്ള ഇതു പൊടിച്ചാണ് ഉപയോഗിക്കുന്നത്. സ്വർണം തൂക്കിയെടുക്കുന്നതു പോലെ ആവശ്യക്കാർക്കു കൊടുക്കുന്നത് ഒരു മില്ലിഗ്രാമിന് 3000 രൂപയിലധികം വിലയ്ക്കാണ്. കഞ്ചാവിനേക്കാൾ പതിന്മടങ്ങ് ലഹരിയുള്ള എംഡിഎംഎ ഉപയോഗിച്ചാൽ മാരകമായ ഉന്മാദാവസ്ഥയെത്തുമെന്നാണ് പിടിയിലാകുന്നവർ നൽകുന്ന മൊഴി.
കഞ്ചാവ് ലോബിയും
ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ രണ്ടു യുവതികളടങ്ങുന്ന റാക്കറ്റിൽനിന്നു പതിനൊന്ന് കോടി രൂപയുടെ മാരക ലഹരിയുള്ള എംഡിഎംഎയാണ് കസ്റ്റംസും എക്സൈസും ചേർന്ന് പിടികൂടിയത്. ഇതിലെ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് സ്പെയിനടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ലഹരി മരുന്നുകൾ ഇന്ത്യയിലേക്കെത്തുന്നതെന്ന സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ കഞ്ചാവ് കഞ്ചവടത്തിൽ ഏർപ്പെട്ടിരുന്നവരിൽ ചിലരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്.
നിശാ പാർട്ടി
യുവാക്കളെയും നിശാ പാര്‍ട്ടി സംഘാടകരെയും ലക്ഷ്യം വച്ച് ആലുവയില്‍നിന്നു കൊണ്ടുപോയ എംഡിഎംഎയുമായി നിലമ്പൂർ സ്വദേശി കോഴിക്കോട് ഇന്ന് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. അരക്കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽനിന്നു പിടിച്ചെടുത്തിട്ടുള്ളത്.
മാരകമായ ലഹരിമരുന്നുകളുടെ കടന്നുവരവോടെ കഞ്ചാവ് ലോബിയും ഇതിന്റെ വിപണനത്തിലേക്ക് തിരിയുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്ന ലഹരിയുടെ ഹബ്ബായി കേരളം മാറുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ്,കസ്റ്റംസ് വിഭാഗങ്ങൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
അക്കായും രാജാവും
കാക്കനാട്ടെ ഫ്ളാറ്റിൽനിന്നു ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ അണിയറക്കാരിലേക്ക് അന്വേഷണം. അക്കാ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയും രാജാവ് എന്നു വിളിപ്പേരുള്ള വയനാട് സ്വദേശിയായ ജിതിനും മയക്കുമരുന്ന് ഇടപാടില്‍ നേരിട്ടു പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇരുവരെക്കുറിച്ചുമുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍, ഇവരെ കൃത്യമായി തിരിച്ചറിയാനായിട്ടില്ല. ഇരുവരെയും കണ്ടെത്താന്‍ ഫോണ്‍ രേഖകളടക്കം പരിശോധിച്ചു വരികയാണ്. അതേസമയം, മുഹമ്മദ് ഫവാസും ശ്രീമോനുമാണ് പിടിയിലായ മയക്കുമരുന്ന് സംഘത്തിന്റെ ബുദ്ധികേന്ദ്രമെന്നാണ് നിഗമനം.
മലയാളികൾ മുങ്ങി
ഏജന്റുമാരിലേക്കും ഇടനിലക്കാരിലേക്കുമാണ് ഇപ്പോൾ അന്വേഷണം നീണ്ടിരിക്കുന്നത്. പ്രതികളുടെ ഫോണ്രേഖകളില്നിന്നു ലഭിച്ച നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്നു വാങ്ങിയവരിലേക്കും എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നേക്കും. അതിനിടെ, പ്രതികള്‍ക്കു മയക്കുമരുന്ന് കൈമാറിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം രക്ഷപ്പെട്ടതായും സൂചനയുണ്ട്.
സഹായികളും കുടുങ്ങും
കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി തമിഴ്നാട്ടിലെ നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായവും എക്സൈസ് ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ത്വയ്ബയെ മാത്രമാണ് ഇനി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ളത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടു പ്രതികളെ നാട്ടില്‍ സഹായിച്ചിരുന്നവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഒന്നാം പ്രതിക്കു കോവിഡ്
കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. അഞ്ചു പ്രതികളെയും കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഒന്നാം പ്രതി ഫവാസിനു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ തങ്ങിയ പോണ്ടിച്ചേരിയിലെ റിസോര്‍ട്ടിലും മയക്കുമരുന്ന് ഇടപാടിന്റെ ഡീല്‍ ഉറപ്പിച്ച ചെന്നൈയിലെ ഹോട്ടലിലും എത്തിച്ചു പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളെ ഹോട്ടലുടമകളും മറ്റും തിരിച്ചറിഞ്ഞിട്ടുണ്ട്.