സൗദിയിൽ വ്യാപക ഫീൽഡ് പരിശോധന; പിടിയിലായത് 16,638 പേർ
സൗദി: സൗദിയിൽ നിയമാനുസൃതമല്ലാതെ ജോലി ചെയ്ത ഹൗസ് ഡ്രൈവർമാർ പിടിയിൽ. പ്രത്യേക ഫീൽഡ് പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. സുരക്ഷാവിഭാഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ 16,000 തോളം പേരെയാണ് ആകെ പിടികൂടിയത്.

ഓഗസ്റ്റ് 26 മുതൽ സെപ്തംബർ 1 വരെ, വിവിധ സുരക്ഷാ വിഭാഗങ്ങൾ ജവാസാത്തുമായി സഹകരിച്ച് നടത്തിയ ഫീൽഡ് പരിശോധനയിൽ 16,638 പേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ ചട്ടലംഘനത്തിന് 5800 പേരെയാണ് ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത്.

9383 പേരെ അതിർത്തി നിയമ ലംഘനത്തിനും, 1455 പേരെ തൊഴിൽ നിയമ ലംഘനത്തിനും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഖാമയിൽ രേഖപ്പെടുത്തിയതല്ലാത്ത പ്രൊഫഷനുകളിൽ ജോലിചെയ്യുന്നവരും, സ്പോണ്സർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവരും പിടിയിലായവരിലുണ്ട്. കൂടാതെ ഹൗസ് ഡ്രൈവർ വിസയിലെത്തി മറ്റ് ജോലികൾ ചെയ്യുന്നവരെ പ്രത്യേകം നിരീക്ഷിച്ച ശേഷം പിടികൂടുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതിന് പിടിയിലായവരിൽ 55 ശതമാനം പേർ യെമൻ പൗരന്മാരും, 43 ശതമാനം പേർ എത്യാപ്യക്കാരും, 2 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.