നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരൻ മരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്തംബർ ഒന്നിനാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പന്ത്രണ്ടുകാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പനി കുറയാത്തതിനാലാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.രണ്ട് സാംപിളുകളുടെ പരിശോധനാഫലം കൂടി വരാനുണ്ട്.

കുട്ടിയുടെ രക്ഷിതാക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്. മന്ത്രിമാരായ വീണാ ജോർജും, മുഹമ്മദ് റിയാസും കോഴിക്കോട്ടേക്ക് തിരിച്ചു. ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ടെത്തും. 2018ലാണ് ജില്ലയിൽ നേരത്തെ നിപ സ്ഥിരീകരിച്ചത്. അന്ന് പതിനെട്ട് പേരാണ് മരിച്ചത്.