പ്രവാസികള്‍ക്കായി ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ള ഫ്രീലാന്‍സ് വിസ എന്നിവയാണ് ഞായറാഴ്‍ച പ്രഖ്യാപിച്ചത്.

യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി അല്‍ സിയൂഹിയാണ് പുതിയ വിസകളുടെ പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ വിസ ലഭിക്കും. രക്ഷിതാക്കളെയും 25 വയസുവരെയുള്ള മക്കളെയും സ്‍പോണ്‍സര്‍ ചെയ്യാനുമാവും. ഗ്രീന്‍ വിസയിലുള്ളവര്‍ക്ക് കമ്പനികളെയടക്കം ആരെയും ആശ്രയിക്കാതെ രാജ്യത്ത് കഴിയാമെന്നതാണ് പ്രധാന സവിശേഷത.

പ്രത്യേക കഴിവുകളുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായാണ് ഫ്രീലാന്‍സ് വിസകള്‍ കൊണ്ടുവരുന്നതെന്ന് അല്‍ സിയൂഹി പറഞ്ഞു. സ്വതന്ത്ര ബിസിനസുകാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് വിസകള്‍ ലഭിക്കും. വിവിധ രംഗങ്ങളിലെ വിദഗ്ധരെയും വിരമിച്ചവരെയും കഴിവ് തെളിയിച്ച പ്രഗത്ഭരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനാണ് ഫ്രീലാന്‍സ് വിസകളെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വിസകളുടെയും യോഗ്യതകളും മറ്റ് മാനദണ്ഡങ്ങളും സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഞായറാഴ്‍ച പുറത്തുവന്ന അറിയിപ്പുകളിലില്ല.

15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള പുതിയ നിയമങ്ങളും ഇന്ന് പ്രഖ്യാപിച്ചു. 15 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചില മേഖലകളില്‍ പ്രവൃത്തി പരിചയം സമ്പാദിക്കുന്നതിന് ജോലി ചെയ്യാന്‍ അനുമതി നല്‍കും. ഇതിനായി അവര്‍ക്ക് വിസ ലഭിക്കും. വിവാഹ മോചിതകളോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്ത സ്ത്രീകള്‍ക്ക് രാജ്യത്ത് തുടരാനുള്ള സമയപരിധി 30 ദിവസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. പ്രവാസികള്‍ക്ക് വിസാ കാലാവധി കഴിഞ്ഞാലും രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരിഡ് 90 മുതല്‍ 180 ദിവസം വരെയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 30 ദിവസമാണ് ഗ്രേസ് പീരിഡ്.