നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളെല്ലാം സ്വീകരിച്ചുവെന്നും, സമ്പർക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്നും മന്ത്രി അറിയിച്ചു.
188 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. രോഗലക്ഷണങ്ങൾ ഉള്ള മൂന്ന് പേർ ഉൾപ്പടെ 20 പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ഏഴ് പേരുടെ സ്രവ സാമ്പിളുകൾ കൂടി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കൂടുതൽ പേരെ നിരീക്ഷണത്തിലാക്കാനായി ആശാ വർക്കർമാർ പ്രദേശത്ത് പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നിപ വൈറസ് പടര്‍ന്നത് റംബുട്ടാനില്‍ നിന്നാകാമെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം തൃപ്തി അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തി.