16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് ഇപ്പോഴും കാണാമറയത്ത്
ബേപ്പൂർ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ ബേപ്പൂരില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് നാല് മാസമായിട്ടും വിവരങ്ങളൊന്നുമില്ല. തുടര്‍ അന്വേഷണവും കടല്‍ പരിശോധനയും നിലച്ചതോടെ 16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് കഴിഞ്ഞ മെയ് അഞ്ചിന് പോയ മത്സ്യബന്ധന ബോട്ട് കാണാമറയത്ത് തന്നെ. ബേപ്പൂരില്‍ നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ അജ്മീര്‍ഷാ എന്ന ബോട്ടാണ് ഇനിയും തിരികെ എത്താത്തത്. കാണാതായ ആദ്യ മാസം ബോട്ടും അതിലെ തൊഴിലാളികളെയും കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടന്നെങ്കിലും പിന്നീട് തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ബേപ്പൂര്‍ സ്വദേശി കെ ടി ശംസുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് മത്സ്യ ബന്ധന ബോട്ട്. തിരച്ചില്‍ നിര്‍ത്തിയതോടെ ബേപ്പൂര്‍ മീന്‍പിടിത്ത തുറമുഖത്ത് ആശങ്കയുടെ നിഴല്‍ പരന്നിരിക്കയാണ്.
തമിഴ്‌നാട്ടില്‍ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാളില്‍ നിന്നുള്ള നാല് പേരുമാണ് കാണാതായ ബോട്ടിലുള്ളത്. രണ്ട് വീടുകളില്‍ നിന്നായി ഏഴ് സഹോദരന്മാരും ഒരു വീട്ടിലെ അച്ഛനും മകനും ഉള്‍പ്പെട്ടതാണ് തമിഴ്‌നാട്ടുകാരായ 12 പേര്‍. കടലില്‍ ബോട്ടിനെ അവസാനമായി കണ്ടത് മെയ് 13ന്. പിന്നെ സൂചനകളൊന്നുമില്ല. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും വിമാനങ്ങളും കുളച്ചലില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഒരു തെളിവ് പോലും കണ്ടെത്താനായിട്ടില്ല. സാധാരണഗതിയില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ രണ്ടാഴ്ചക്കകം തിരിച്ചെത്താറുണ്ട്. മെയ് അഞ്ചിന് പുറപ്പെട്ട അജ്മീര്‍ ഷാ ബോട്ടിനെ 14ന് മറ്റൊരു ബോട്ടുകാര്‍ കാണുകയും വയര്‍ലെസില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നെന്ന് അധികൃതര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മംഗലാപുരം പുറംകടലില്‍ തിരച്ചിലിന് തുടക്കമിട്ടത്.
സാധാരണഗതിയില്‍ ബോട്ട് മുങ്ങിപ്പോകുമ്പോള്‍ അതിന്റെ ഭാഗങ്ങളും ഫ്‌ലോട്ട്, ബോയ, ജാക്കറ്റ് തുടങ്ങിയവയും കടലില്‍ പൊന്തിക്കിടക്കാറുണ്ട്. ബോട്ടിലെ ഡീസലും അപകടസ്ഥലത്ത് പരക്കാറുണ്ട്. എന്നാല്‍, അജ്മീര്‍ ഷായുടെ കാര്യത്തില്‍ അത്തരം ഒരു അടയാളവും എവിടെ നിന്നും ലഭിച്ചിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ അവസാനിപ്പിച്ച ശേഷം കാണാതായവരുടെ ബന്ധുക്കള്‍ ബേപ്പൂരിലെത്തി ബോട്ടെടുത്ത് തിരച്ചില്‍ നടത്തിയിരുന്നു.