ഡിവൈഡറിൽ തട്ടി ചരക്കുലോറി മറിഞ്ഞു:10 ലക്ഷം രൂപയുടെ മുട്ടകൾ നശിച്ചു
മഞ്ചേരി: മുട്ടയുമായി വരികയായിരുന്ന ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞ് രണ്ട് ലക്ഷം മുട്ട നശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് മഞ്ചേരി നഗരത്തിൽ മലപ്പുറം റോഡിൽ 22ാം മൈലിലാണ് അപകടം. തമിഴ്‌നാട്ടിലെ നാമക്കൽ കോഴി ഫാമിൽ നിന്ന് മഞ്ചേരി ഡെയ്ലി മാർക്കറ്റിലെ സിദ്ദീഖ് എഗ്ഗ് സ്റ്റോറിലേക്ക് മുട്ടയുമായി വരുന്ന ലോറിയാണ് മറിഞ്ഞത്.

സംഭവത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് കണക്കാക്കുന്നത്. അപകടത്തെ തുടർന്ന് ലോറിയിലെ മുട്ട മുഴുവൻ റോഡിൽ മറിഞ്ഞുപൊട്ടി പരന്നൊഴുകി. ലോറി നീക്കം ചെയ്യുന്നത് വരെ ഗതാഗതസ്തംഭനവുമുണ്ടായി. മഴയും റോഡിലെ വെളിച്ചക്കുറവും ഡിവൈഡറിൽ സിഗ്‌നൽ ലൈറ്റ് ഇല്ലാത്തതും അപകടത്തിന് കാരണമായെന്നാണ് നിരീക്ഷണം.
തീരെ വീതി കുറഞ്ഞ റോഡിൽ അടുത്തയിടെയാണ് പൊതുമരാമത്ത് വകുപ്പ് ഡിവൈഡറുകൾ സ്ഥാപിച്ചത്. ഒട്ടേറെ തവണ ഇവിടെ അപകടമുണ്ടായിട്ടുണ്ട്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവർ തമിഴ്‌നാട് സ്വദേശി രവിയെയും സഹായിയെയും രക്ഷപ്പെടുത്തി. ആർക്കും പരുക്കില്ല.