കലിക്കറ്റ് എൽ.എൽ.ബി പരീക്ഷ ഹൈക്കോടതി തടഞ്ഞു
കൊച്ചി: കലിക്കറ്റ് സർവകലാശാലയിലെ ത്രിവത്സര എൽ.എൽ.ബി കോഴ്സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. സെപ്തംബർ ഒമ്പതിന് ഓഫ്‌ലൈനായി ആരംഭിക്കുന്ന പരീക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്ത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ഗവ. ലാ കോളേജിലെ വിദ്യാർത്ഥി ശ്രീകുമാർ വർമ്മ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.

നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതിനൊപ്പം ഓൺലൈൻ പരീക്ഷയും നടത്താനാവുമോയെന്ന് പരിഗണിക്കാൻ നിർദ്ദേശിച്ച് ഹർജി തീർപ്പാക്കിയിരുന്നു. ഇതിനു ശേഷം സുപ്രീംകോടതി സംസ്ഥാനത്തെ പ്ളസ് വൺ പരീക്ഷ സ്റ്റേ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാർ നൽകിയ പുനപ്പരിശോധനാ ഹർജിയിലാണ് സിംഗിൾബെഞ്ച് പരീക്ഷ തടഞ്ഞത്.