ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി
ന്യൂഡൽഹി: ട്രെയിനുകൾ മതിയായ കാരണങ്ങളില്ലാതെ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് മത്സരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കാലമാണ്. യാത്രക്കാർ അധികൃതരുടെയോ ഭരണകൂടത്തിന്റെയോ ദയാദാക്ഷിണ്യങ്ങൾക്ക് കാത്തുനിൽക്കേണ്ടവരല്ല – ജസ്റ്റിസ്‌മാരായ എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

2016ൽ ജമ്മു ട്രെയിൻ നാല് മണിക്കൂർ വൈകിയതിന് രാജസ്ഥാൻ സ്വദേശിയായ സഞ്ജയ് ശുക്ല എന്ന യാത്രക്കാരന് ജില്ലാ, സംസ്ഥാന, ദേശീയ ഉപഭോക്തൃ ഫോറങ്ങൾ നഷ്‌ടപരിഹാരം വിധിച്ചതിനെതിരെ റെയിൽവേ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.
സ്വകാര്യ മേഖലയുമായി മത്സരിക്കാനും പിടിച്ചുനിൽക്കാനും പൊതുഗതാഗത മേഖലയുടെ സംവിധാനവും പ്രവർത്തന സംസ്‌കാരവും മെച്ചപ്പെടുത്തണം. ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരെങ്കിലും വേണം. ട്രെയിനുകൾ വൈകി ഓടുന്നത് ആവശ്യത്തിന് സർവീസ് ഇല്ലാത്തതിന് തുല്യമാണ്. അതിനാൽ ട്രെയിൻ വൈകിയാൽ തങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാരണത്താലാണെന്ന് റെയിൽവേ തെളിയിക്കണം. കുറഞ്ഞപക്ഷം ട്രെയിൻ വൈകിയതിന് എന്തെങ്കിലും ന്യായീകരണം ഉണ്ടെന്നെങ്കിലും ബോദ്ധ്യപ്പെടുത്തണം. അതിന് കഴിഞ്ഞില്ലെങ്കിൽ നഷ്‌ടപരിഹാരം നൽകാൻ റെയിൽവേ ബാദ്ധ്യസ്ഥമാണ്. ഓരോ യാത്രക്കാരന്റെയും സമയം വിലപ്പെട്ടതാണ്. അവർ ചിലപ്പോൾ തുടർ യാത്രയ്ക്ക് ബുക്ക് ചെയ്തവരാകാമെന്നും കോടതി ഉത്തരവിൽ പറയുന്നു.
കേസ് ഇങ്ങനെ
2016 ജൂൺ 17ന് അജ്മീർ – ജമ്മു എക്സ്‌പ്രസിൽ സഞ്ജയ് ശുക്ലയും കുടുംബവും ടിക്കറ്റ് ബുക്ക് ചെയ്തു. പിറ്റേന്ന് രാവിലെ 8.10ന് ജമ്മുവിൽ എത്തേണ്ടതാണ്. ജമ്മുവിൽ നിന്ന് 12 മണിക്ക് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. നാലു മണിക്കൂർ വൈകിയ ട്രെയിൻ 12 മണിക്കാണ് ജമ്മുവിൽ എത്തിയത്. വിമാനം പോയതിനാൽ ശ്രീനഗറിലേക്ക് ടാക്സി പിടിച്ചു. സഞ്ജയ് ശുക്ലയുടെ പരാതിയിൽ ആൾവാർ ജില്ലാ ഉപഭോക്തൃ ഫോറം ടാക്സി കൂലി 15,000 രൂപയും ബുക്കിംഗ് ചെലവ് 10,000രൂപയും മാനസിക ക്ലേശത്തിനും കോടതിച്ചെലവിനുമായി 5000 രൂപ വീതവും ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശയും പശ്ചിമ റെയിൽവേ നൽകണമെന്ന് ഉത്തരവിട്ടു. ഇതിനെതിരായ റെയിൽവേയുടെ അപ്പീലുകൾ സംസ്ഥാന, ദേശീയ ഉപഭോക്തൃ കമ്മിഷനുകളും തള്ളി. തുടർന്നാണ് സുപ്രീംകോടതിയിൽ എത്തിയത്.
ട്രെയിൻ വൈകിയതിനു കാരണം വിശദീകരിക്കാൻ പോലും റെയിൽവേ തയ്യാറായില്ലെന്ന് ഉപഭോക്തൃ ഫോറങ്ങൾ വിമർശിച്ചിരുന്നു.
ട്രെയിനുകൾ പല കാരണങ്ങളാലും വൈകാമെന്നും അതിന് നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യത ഇല്ലെന്നും ഇന്ത്യൻ റെയിൽവേ കോൺഫറൻസ് അസോസിയേഷൻ കൊച്ചിംഗ് താരിഫ് വ്യവസ്ഥകൾ ഉദ്ധരിച്ച് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി റെയിൽവേയ്ക്കു വേണ്ടി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.