കഷ്ടപ്പാട് കണ്ട് പത്താംക്ലാസുകാരി വീട്ടിൽ നിന്ന് എടുത്ത് നൽകിയത് 75 പവൻ സ്വർണം; അമ്മയും മകനും അറസ്റ്റിൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ കബളിപ്പിച്ച് 75 പവൻ കവർന്ന സംഭവത്തിൽ മകനും മാതാവും അറസ്റ്റിൽ. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), മാതാവ് ഷാജില (52) എന്നിവരാണ് പിടിയിലായത്. ഷെബിൻ രണ്ടു വർഷം മുൻപ് പരിചയപ്പെട്ട ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിയെ ആണ് തട്ടിപ്പിനിരയാക്കിയത്.
ഏഴുമാസം മുൻപാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും മനസിലാക്കിയശേഷം ഇയാള്‍ തന്റെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി വിവരങ്ങള്‍ ചോദിച്ചു. കാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ വശത്താക്കിയ ഷിബിന്‍ സ്വര്‍ണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി ഷിബിന് കൈമാറി. അടുത്തിടെ വീട്ടുകാര്‍ അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
ഉടൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സ്വർണം വിറ്റ് കിട്ടിയ 9.8 ലക്ഷം രൂപ ഷെബിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. ബാക്കി സ്വർണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മാതാവിന്റെറ സഹായത്തോടെയാണ് ഷെബിൻ സ്വർണം ആറ്റിങ്ങൽ ബി ടി എസ് റോഡിലെ ജ്വല്ലറിയിൽ വിറ്റത്.
തനിക്ക് 27 പവന്‍ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്നും അത് വിറ്റുകിട്ടിയ പണമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നുമാണ് ഷിബിന്‍ പൊലീസിനോട് പറഞ്ഞത്. ആഭരണങ്ങള്‍ വില്‍ക്കാന്‍ ഷിബിനെ സഹായിച്ചത് ഷാജിലയാണ്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.