കണ്ണൂർ യൂണിവേഴ്സിറ്റി യുടെ നിലപാട് അപകടകരം: ഇ. ടി മുഹമ്മദ് ബഷീർ എം.പി
സിലബസിൽ ആർ എസ് എസ് പാഠങ്ങൾക്കു അവസരം നൽകിയതിലൂടെ കണ്ണൂർ യൂണിവേഴ്സിറ്റി ഗുരുതരമായ അപകടമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വർഗീയ വൽക്കരിക്കുന്ന ബിജെപി അജണ്ട നടപ്പിലാക്കാൻ കേരളത്തിന്റെ മണ്ണിൽ നിന്ന് യൂണിവേഴ്സിറ്റി നടത്തിയ ഹീനമായ നീക്കം വിദ്യാഭ്യാസ സ്നേഹികൾ ഒന്നിച്ചു എതിർക്കണമെന്നും മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇ. ടി. മുഹമ്മദ് ബഷീർ എം. പി.


ബോർഡ് ഓഫ് സ്റ്റഡീസ് പോലും രൂപീകരിക്കാതെ നാല് അധ്യാപകരെ ഉൾപ്പെടുത്തി തട്ടിക്കൂട്ടി ഉണ്ടാക്കിയ സമിതി ഇതിന് അംഗീകാരം കൊടുത്തതിൽ വലിയ ദുരൂഹതയുണ്ട്. വി.ഡി സവർക്കറുടെ ആരാണ് ഹിന്ദു, എം.എസ് ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തൊട്ട്സ്, വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ്, ബൽരാജ് മധോകിന്റെ ഇന്ത്യ നൈസേഷൻ, വാട്ട് വൈ ആൻഡ് ഹൗ ഈ പുസ്തകങ്ങൾ ആർ.എസ്
എസിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് പ്രചരിപ്പിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ബഞ്ച് ഓഫ് തോട്ട്സിൽ ഓരോ വരിയും വർഗീയ വിഷം വമിക്കുന്നവയാണ്. സി.പി.എമ്മിന് വലിയ പങ്കാളിത്തമുള്ള യൂണിവേഴ്സിറ്റിയിൽ നടന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ നടപടിയിൽ അവരെടുക്കുന്ന നിലപാട് അറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ടാവുക സ്വാഭാവികമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി പ്രതികരിക്കണമെന്നും ഇ. ടി. പറഞ്ഞു.

