കോഴിക്കോട്ടെ കൂട്ടബലാത്സംഗം: ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തി

കോഴിക്കോട്: രണ്ടുമാസത്തിനുള്ളില്‍ നഗരത്തില്‍ നടന്നത് രണ്ട് കൂട്ടബലാത്സംഗങ്ങള്‍. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നാല് പ്രതികളേയും പിടികൂടാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ ജൂലായ് മാസം നടന്ന മറ്റൊരു കൂട്ട ബലാത്സംഗ കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ അന്യ സംസ്ഥാനങ്ങളില്‍ തിരഞ്ഞിട്ടുപോലും പോലീസിന് പിടികൂടാനായിട്ടില്ല.

ടിക് ടോക് വഴി പരിചയം, കോഴിക്കോട്ടേക്ക്

കഴിഞ്ഞദിവസം ചേവരമ്പലത്തെ ഫ്‌ളാറ്റില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയായ കൊല്ലം സ്വദേശിനി ടിക് ടോക് വഴിയാണ് മുഖ്യപ്രതിയായ അത്തോളി സ്വദേശി അജ്‌നാസിനെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് ചാറ്റിങ്ങിലൂടെയും ഫോണ്‍വിളികളിലൂടെയും വളര്‍ന്നു. പ്രേമം നടിച്ച് അജ്‌നാസ് യുവതിയെ വലയിലാക്കുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ ബുധനാഴ്ച യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അജ്‌നാസും രണ്ടാംപ്രതി ഫഹദും കൂടിയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ വിളിക്കാനെത്തിയത്. തുടര്‍ന്ന് ഫഹദിന്റെ കാറില്‍ ചേവരമ്പലത്തെ ഫ്‌ളാറ്റില്‍ എത്തിച്ചു. അതിനിടെ, അജ്‌നാസും യുവതിയും പണത്തിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായതായും പറയുന്നു.

ചേവരമ്പലത്തിലെ ഫ്‌ളാറ്റില്‍വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ആസൂത്രിതമായ കുറ്റകൃത്യമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഫ്‌ളാറ്റില്‍ പ്രതികള്‍ രണ്ട് മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഒരുമുറിയില്‍വെച്ച് അജ്‌നാസാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. പിന്നാലെ തൊട്ടടുത്ത മുറിയില്‍ കാത്തിരിക്കുകയായിരുന്ന മൂന്നുപേരെ ഈ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇവര്‍ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

കൂട്ടബലാത്സംഗത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്വാസതടസ്സവും ഉണ്ടായി. ബോധക്ഷയവും സംഭവിച്ചു. ഇതോടെ പരിഭ്രാന്തരായ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. സംഭവമറിഞ്ഞയുടന്‍ പോലീസ് പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ആദ്യമണിക്കൂറുകളില്‍തന്നെ മുഖ്യപ്രതിയായ അജ്‌നാസിനെയും ഫഹദിനെയും പോലീസ് പിടികൂടിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മറ്റുപ്രതികളായ ശുഹൈബും ലിജാസും പോലീസിന്റെ പിടിയിലായി.

കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ശുഹൈബും ലിജാസും ഒളിവില്‍പോയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കക്കയം വനമേഖലയിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവിലുണ്ടെന്ന വിവരം ലഭിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പോലീസ് സംഘം രഹസ്യകേന്ദ്രം വളഞ്ഞു. ഇതോടെ പോലീസിനെ ആക്രമിച്ച് ഉള്‍വനത്തിലേക്ക് കടക്കാനായി പ്രതികളുടെ ശ്രമം. ഓടിരക്ഷപ്പെടാനും ശ്രമിച്ചു. തുടര്‍ന്ന് രണ്ടുപേരെയും പോലീസ് സംഘം പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.