Fincat

ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: അച്ഛനും അമ്മയും കുട്ടിയുമടക്കം ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മിൽസ് റോഡിൽ വട്ടപ്പറമ്പത്ത് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30) മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്.

1 st paragraph

കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ടു മുറികളിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടെത്തിയത്. ആരവ് കൃഷ്ണ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടിൽ ആക്കിയ ശേഷം സുനിലും കുടുംബവും കഴിഞ്ഞദിവസം കൃഷ്ണേന്ദുവിന്റെ പച്ചാളത്തെ വീട്ടിൽ പോയിരുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു തിരിച്ചെത്തിയത്. ഈ വിവരം തറവാട്ടിൽ അറിയിക്കുകയും വെള്ളിയാഴ്ച രാവിലെ തറവാട്ടിലെത്തി അമ്മയെ കൊണ്ടുവരാമെന്നു പറയുകയും ചെയ്തു.

2nd paragraph

എന്നാൽ, ഇന്നലെ സുനിൽ തറവാട്ടിൽ എത്തിയില്ല. ഇരുവരുടെയും ഫോണിൽ മാറിമാറി വിളിച്ചിട്ടും ആരും എടുത്തില്ല. അമ്മയുടെ സഹോദരനും നടനുമായ കെപിഎസി സജീവ് വൈകിട്ടു നാലരയോടെ പറവൂരിലെ വീട്ടിലെത്തി. ഗേറ്റ് തുറന്നു കോളിങ് ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. മുൻവശത്തെ വാതിൽ അടച്ചിരുന്നെങ്കിലും അകത്തു നിന്നു കുറ്റി ഇട്ടിരുന്നില്ല. വാതിൽ തുറന്ന സജീവ് കണ്ടത് സുനിൽ തൂങ്ങി നിൽക്കുന്നതാണ്. ഉടനെ പുറത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി.

അബുദാബിയിൽ ലിഫ്റ്റ് ടെക്നീഷ്യൻ ആയിരുന്നു സുനിൽ. കോവിഡിനെ തുടർന്നു നാട്ടിലെത്തിയ ശേഷം തിരിച്ചുപോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഉടൻ തന്നെ തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. കൃഷ്ണേന്ദു വീട്ടമ്മയാണ്. സാമ്പത്തികമായും കുടുംബപരമായും ഇവർക്കു മറ്റു പ്രശ്നങ്ങൾ ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള യഥാർഥ കാരണം പൊലീസിനും വ്യക്തമല്ല. കുട്ടിയുടെ കഴുത്തിൽ കരിവാളിച്ച പാടുണ്ട്. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഇൻക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.