അഭിഭാഷകനെ കൊലപ്പെടുത്തി 20 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ 20 വർഷം മുന്‍പ് അഭിഭാഷകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി ബിജുവാണ് മംഗലാപുരത്തുവച്ച് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2001 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പൊറ്റമ്മലില്‍ അഭിഭാഷകനായിരുന്ന ശ്രീധരകുറുപ്പിന്‍റെ വീട്ടില്‍ മോഷണത്തിനായി കയറിയതായിരുന്നു കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എസ്പി ബിജു. മോഷണത്തിനിടെ അലമാര കുത്തിതുറക്കുന്ന ശബ്ദം കേട്ടുണർന്ന ശ്രീധരകുറുപ്പിനെയും ഭാര്യയെയും പ്രതി മാരക ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഇരുമ്പുവടികൊണ്ട് തലക്കടിച്ചും കഠാരകൊണ്ട് നെഞ്ചില്‍ കുത്തിയുമാണ് ശ്രീധരകുറുപ്പിനെ പ്രതി കൊലപ്പെടുത്തിയത്. മാരകമായി മുറിവേറ്റ് ഭാര്യ ലക്ഷ്മിദേവി മാസങ്ങളോളം അബാധാവസ്ഥയിലായിരുന്നു. ഇവരുടെ വീട്ടില്‍നിന്നും 18 പവന്‍ സ്വർണവും അരലക്ഷത്തിലധികം രൂപയും പ്രതി മോഷ്ടിച്ചിരുന്നു.
നാടിനെ നടുക്കിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് ബിജുവിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് കോടതി ബിജുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടർന്ന് വെറുതെവിട്ടു. തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒളിവിലായിരുന്ന പ്രതിക്കായി അന്വേഷണം തുടര്‍ന്നു. തമിഴ്നാട്ടിലും കർണാടകയിലും പ്രതിക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ മംഗലാപുരത്തുണ്ടെന്നറിഞ്ഞത്. തുടർന്ന് സ്ഥലത്ത് ദിവസങ്ങളോളം ക്യാംപ് ചെയ്താണ് ഡെക്ക എന്ന സ്ഥലത്തുനിന്നും അന്വേഷണ സംഘം ബിജുവിനെ പിടികൂടിയത്. പ്രത്യേക അന്വേഷണസംഘത്തിൽ എഎസ്ഐ മാരായ ഇ. മനോജ് കെ.അബ്ദുറഹിമാൻ, മഹീഷ്.കെ.പി. സീനിയർ സി.പി.ഒമാരായ ഷാലു.എം, സിപിഒ മാരായ സുമേഷ് ആറോളി,പി.പി മഹേഷ്, ശ്രീജിത്ത് പടിയാത്ത് എന്നിവരാണുണ്ടായിരുന്നത്.