ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
തിരൂർ: തൃപ്രങ്ങോട് പെരുന്തല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മകന് സാരമായി പരിക്കേറ്റു. കൊടക്കൽ അജിതപ്പടി പഞ്ചാബ് പടി മണ്ണുപറമ്പിൽ അയ്യപ്പന്‍റെ മകൻ ജയൻ (38) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. സഹോദരിയെ ചമ്രവട്ടത്ത് വീട്ടിലെത്തിച്ച് തിരിച്ചുപോകും വഴി ഇബിലീസ് പാലത്തിന് സമീപത്തെ വളവിൽ ജയൻ ഓടിച്ച ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലെത്തിച്ചെങ്കിലും ജയനെ രക്ഷിക്കാനായില്ല.

മകൻ യാദവിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു വർഷം മുമ്പ് ഇതേ ഓട്ടോറിക്ഷ പുത്തനത്താണിയിൽ വെച്ച് അപകടത്തിൽപ്പെട്ട് ജയന്‍റെ സഹോദരൻ ജയേഷ് മരണപ്പെട്ടിരുന്നു.
മാതാവ്: വിലാസിനി. ഭാര്യ: സവിത. മക്കൾ: യാദവ്, ദിയ. സഹോദരങ്ങൾ: ജിനീഷ്, ജയശ്രീ, പരേതനായ ജയേഷ്.