സഊദിയിൽ കാലാവധി കഴിയുന്ന സന്ദർശന വിസ പുതുക്കൽ നിർത്തിവെച്ചു
റിയാദ്: സഊദിയിൽ ഫാമിലി സന്ദർശന വിസയിൽ ഉള്ളവരുടെ കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കി നൽകുന്നത് നിർത്തി വെച്ചു. നിലവിൽ വിസിറ്റ് വിസ പുതുക്കുമ്പോൾ രണ്ടാഴ്ചക്കകം നാടുവിടണമെന്ന സന്ദേശമാണ് ലഭിക്കുന്നത്. മലയാളി കുടുംബങ്ങൾ അടക്കം നിരവധി പേർക്ക് ഇതേ സന്ദേശം ലഭിച്ചിട്ടുണ്ട്. വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നാടുവിടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ മറ്റു നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ജവാസാത്ത് ട്വീറ്റ് ന് മറുപടി നൽകുകയും ചെയ്തു.

കൊവിഡിനെ തുടർന്ന് ഓരോ കാലാവധി സമയം കഴിയുമ്പോഴും ഇൻഷൂറൻസ് അടച്ച് അടുത്ത മൂന്നു മാസത്തേക്ക് പുതുക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇതിന് ശ്രമിച്ച പലർക്കും രണ്ടാഴ്ചത്തേക്ക് മാത്രമാണ് പുതുക്കിക്കിട്ടിയത്. സഊദിയിൽ നിന്ന് പോകാനുള്ള തയാറെടുപ്പ് നടത്താനാണ് രണ്ടാഴ്ച സമയം അനുവദിക്കുന്നത്. അറിയിപ്പോടൊപ്പം രണ്ടാഴ്ച കാലത്തേക്ക് മാത്രമാണ് പുതുക്കുന്നത്.
