ഒറ്റമുറിയിലെ പ്രണയം; സജിതയും റഹ്മാനും വിവാഹിതരായി
പാലക്കാട്: നെന്മാറയിൽ പത്തു വർഷത്തോളം ഒറ്റമുറിയിൽ ആരുമറിയാതെ കഴിഞ്ഞ റഹ്മാനും സജിതയും വിവാഹിതരായി. പത്ത് വർഷത്തെ പ്രണയത്തിന് ശേഷം റഹ്മാനും സജിതയും ഔദ്യോഗികമായി വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരും വിവാഹിതരായത്. നെന്മാറ എംഎൽഎ കെ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിറ്റിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.
വിവാഹത്തിന് സജിതയുടെ വീട്ടുകാർ എത്തിയിരുന്നെങ്കിലും റഹ്മാന്റെ വീട്ടുകാ്ർ പങ്കെടുത്തില്ല. വിവാഹം കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ വീട്ടുകാർ ഒപ്പം ഇല്ലാത്തത് വിഷമിപ്പിക്കുന്നുണ്ട്. അവരും കൂടി മനസ് മാറി വരട്ടെയെന്നാണ് പ്രാർഥിക്കുന്നത്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ- റഹ്മാൻ പ്രതികരിച്ചു.
റഹ്മാന്റെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നുവെങ്കിൽ സന്തോഷമായേനെയെന്ന് സജിതയും മാധ്യമങ്ങളോട് പ്രതികരിച്ചു. സജിതയെ ആരും കാണാതെ റഹ്മാൻ പത്ത് വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു. 2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീടുവിട്ടിറങ്ങിയത്.