രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ


മെഡിക്കൽ കോളേജ്: വെള്ളിപറമ്പ് ഉമ്മളത്തുരിലെ നാല് സെൻ്റ് കോളനിയിലെ വീട്ടിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവുമായി തച്ചീരിക്കണ്ടി ആനന്ദ് (23) താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെ മെഡിക്കൽ കോളേജ് എസ്ഐ വി വി ദീപ്തിയും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.

വെള്ളിപറമ്പിലും മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളും കഞ്ചാവിൻ്റെയും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന പരാതി നാട്ടുകാർക്ക് ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഉമ്മളത്തൂർ നാല് സെന്റ് കോളനിയിൽ പുറത്തു നിന്ന് നിരവധി യുവാക്കൾ അസമയത്ത് ന്യൂ ജൻ ബൈക്കുമായി എത്താറുണ്ടെന്നും മുൻപ് നാട്ടുകാർ ഇത് ചോദ്യം ചെയ്തപ്പോൾ വാഹനം തട്ടിക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. ആനന്ദിന് മുൻപ് കസബ പോലീസ് സ്റേറഷനിൽ വധശ്രമത്തിന് കേസുണ്ടായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അൻപതിനായിരം രൂപയോളം വിലവരുമെന്നും കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു എന്നതിനെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാൽ പറഞ്ഞു.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഉണ്ണി നാരായണൻ ,അബ്ദുൾ റസാഖ് എസ് ഐ മനോജ്,സുജീഷ്, സിപിഒ വിനോദ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ്‌ ഐ മാരായ മുഹമ്മദ് ഷാഫി,സജി എം, അഖിലേഷ് കെ,ജോമോൻ കെ എ,ജിനേഷ് ചൂലൂർ, അർജ്ജുൻ അജിത്ത്, കെ സുനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.