കാട്ടാടിനെ കൊന്ന് മാംസം പങ്കിട്ട നാലുപേർ അറസ്റ്റിൽ
മേപ്പാടി: വേലി കെട്ടിയ വലയിൽ കുടുങ്ങിയ അഞ്ചു വയസ്സുള്ള കാട്ടാടിനെ കൊന്ന് മാംസം പങ്കിട്ടെടുത്ത നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. നെടുമ്പാല സ്വദേശികളായ ഗാർഡൻ ഹൗസ് രാജൻ (48), നെടുമ്പാല കെ.സി. മോഹനൻ (38), അരുവിക്കരയിൽ എ.കെ. ശിവകുമാർ (40), പന്ത്രണ്ടാം പാടി ജി. ഗിൽബർട്ട് (40) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയത്.
റേഞ്ച് ഫോറസ്റ്റ് ഓഫിസർ പ്രദീപ് കുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. സനിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ആർ. വിജയനാഥ്, സി.എസ്. ഉഷാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ വലയിലായത്.
പ്രതികൾ ഉപയോഗിച്ച ബൈക്കും മറ്റു അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. മേപ്പാടി നെടുമ്പാല ഭാഗം കേന്ദ്രീകരിച്ച് വന്യ മൃഗങ്ങളെ അനധികൃതമായി പിടികൂടി കൊന്ന് ഇറച്ചി ശേഖരിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്ന് സംശയിക്കുന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അമൽ, ബിനീഷ്, റിജേഷ്, രജ്ഞിത്, ഐശ്വര്യ സൈഗാൾ, വാച്ചർമാരായ സുധീഷ്, രാജേഷ്, ഭാസ്കരൻ, സുഭദ്ര, സി.കെ. കൃഷ്ണൻ, കെ.സി. ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രത്യേകം സംരക്ഷിക്കപ്പെടേണ്ട ഷെഡ്യൂൾ മൂന്നിൽ ഉൾപ്പെടുന്ന കാട്ടാടിനെ കൊന്നതിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്തു. വൈദ്യ പരിശോധനക്കു ശേഷം പ്രതികളെ കൽപറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കി.