ഭാരതപ്പുഴയിൽ പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽവിദഗ്ധ സംഘം തിരച്ചിലിനെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ ദിവസങ്ങൾ കഴിഞ്ഞിട്ടും കഴിയാത്ത സാഹചര്യത്തിൽ നാവികസേനയുടെ മുങ്ങൽവിദഗ്ധ സംഘം തിരച്ചിലിനെത്തി. മിനി പമ്പയിലെ ലൈഫ്ഗാർഡുകൾ, കുറ്റിപ്പുറം പോലീസ്, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ അഞ്ചുദിവസമായി തിരച്ചിൽ നടത്തുന്നത്.

ഹൈവേ വികസനത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് അലൈൻമെന്റ് പ്രവൃത്തികൾക്കായി എത്തിയ സംഘത്തിലുള്ള ആന്ധ്രാപ്രദേശിലെ വിജയവാഡ ജില്ലയിലെ വെങ്കട്പാലയ സ്വദേശി ഫനീന്ദ്ര(22)യെയാണ് ഞായറാഴ്‌ച പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് രാവിലെ എട്ടിന് വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു.