മലപ്പുറം ജില്ലയിൽ ഇതുവരെ 31.31 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ മാതൃക സൃഷ്ടിച്ച് വീണ്ടും മലപ്പുറം ജില്ല. ഒറ്റ ദിവസത്തിനകം 92,051 കോവിഡ് വാക്‌സിന്‍ നല്‍കിയാണ് വാക്‌സിന്‍ വിതരണത്തില്‍ ജില്ല പുതിയ നേട്ടം കൈവരിച്ചത്. 143 സര്‍ക്കാര്‍ ആശുപത്രികളിലെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും 18 സ്വകാര്യ ആശുപത്രികളിലും  161 മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുമായാണ് ഇത്രയും പേര്‍ക്ക് പ്രതിരോധ മരുന്നു വിതരണം നടത്തിയത്. കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകളാണ് ഈ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തത്.

ഇതോടെ ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. ഇതുവരെ 31,31,017 ലക്ഷം ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. 23,61,338 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 7,69,679 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. 18 വയസ്സ് കഴിഞ്ഞ എല്ലാവരും എത്രയും പെട്ടെന്ന് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച് കോവിഡ് പ്രതിരോധത്തില്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ത്ഥിച്ചു.