Fincat

മലപ്പുറത്തെ ജൂവലറിയിൽ അടക്കം നിരവധി മോഷണം നടത്തിയ തിരുട്ടുഗ്രാമത്തിലെ യുവാവ് അറസ്റ്റിൽ

കണ്ണൂർ: വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിൽ തമിഴ്നാട് തിരുട്ടുഗ്രാമത്തിലെ യുവാവ് അറസ്റ്റിൽ. ചോദ്യംചെയ്യലിൽ മൂന്ന് ജൂവലറികളിൽ കവർച്ച നടത്തിയ വിവരങ്ങൾ പോലീസിന് ലഭിച്ചു.
സേലം കള്ളക്കുറിശ്ശിയിലെ മഞ്ജുനാഥ് (23) ആണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് പഴയ ബസ്സ്റ്റാൻഡിനടത്തുവെച്ച് മാങ്ങാട്ടിടം സ്വദേശിനി സജിതയുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിലാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, ട്രാഫിക് എസ്.ഐ. മനോജ്, എസ്.ഐ.മാരായ വിനോദ്, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്വർണമാലയുടെ ഒരുഭാഗം പോലീസിന് കിട്ടി.
ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ വിശദമായ ചോദ്യംചെയ്യലിലാണ് കൂടുതൽ കവർച്ചകളിൽ പ്രതിയുടെ പങ്ക് തെളിഞ്ഞത്. 2018-ൽ നാദാപുരം കല്ലാച്ചി പ്രിൻസി ജൂവലറിയിൽനിന്ന് അഞ്ചുകിലോ സ്വർണം കവർന്ന കേസിൽ പ്രധാന പങ്കാളിയാണ് മഞ്ജുനാഥെന്ന് പോലീസ് പറഞ്ഞു. രാജ, സൂര്യ, അഞ്ചാംപുലി എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇതിൽ മഞ്ജുനാഥിനെ ഇതുവരെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല.

1 st paragraph


മലപ്പുറം പുളിക്കൽ എസ്.എം. ജൂവലറിയിൽനിന്ന് അരക്കിലോ സ്വർണം കവർന്ന സംഭവത്തിലും ഒല്ലൂർ ആക്മിക ജൂവലറിയിൽനിന്ന് വെള്ളി മോഷ്ടിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ചാലക്കുന്നിലായിരുന്നു താമസം. പെരിയ, പൊന്ന്യം ബാങ്ക് കവർച്ചകളുമായി ബന്ധമുള്ള കൃഷ്ണമൂർത്തി ഇയാളുടെ ജ്യേഷ്ഠസഹോദരനാണെന്നും പോലീസ് പറഞ്ഞു. 2013-ൽ തലശ്ശേരി ജുവനൈൽ ഹോമിൽ ഉണ്ടായിരുന്നു.

2nd paragraph

പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പകൽ നോട്ടമിട്ടുവെക്കുന്ന ബാങ്കുകളിൽ രാത്രി ആയുധങ്ങളുമായി എത്തും. പുലരുംവരെ കഠിനാധ്വാനമാണെന്നാണ് മഞ്ജുനാഥ് പോലീസിനോട് പറഞ്ഞത്. മോഷണം തൊഴിൽപോലെയാണിവർക്ക്. മുതിർന്നവരെല്ലാം കവർച്ചക്കാരാണ്. പണി കഴിഞ്ഞ് തീവണ്ടിമാർഗം സേലത്തേക്ക് കുതിക്കും. അവിടെവെച്ച് വീതിക്കും. പിന്നെയും കുടുംബക്കാരോടൊത്ത് കേരളത്തിലേക്ക് വരുമെന്നും പോലീസിനോട് പറഞ്ഞു.