സ്വകാര്യ ലാബുകളിൽ ഇനി ആന്‍റിജൻ പരിശോധനയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ ആന്‍റിജൻ പരിശോധന നിർത്താൻ ശനിയാഴ്ച ചേർന്ന കോവിഡ്​ അവലോകന യോഗത്തിൽ സർക്കാർ തീരുമാനിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിലായിരുന്നു അവലോകന യോഗം.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമായിരിക്കും ഇനി മുതൽ ആൻറിജൻ പരിശോധന അനുവദിക്കുക. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്ന സാഹചര്യത്തിലാണ്​ തീരുമാനം.

നേരത്തെ സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ പരിശോധന വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആറു ജില്ലകളിൽ മുഴുവൻ കോവിഡ് പരിശോധനകളും ആർ.ടി.പി.സി.ആർ ആക്കുവാൻ സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു.

കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആർ.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും അവലോകന യോഗത്തിൽ തീരുമാനമായി. മരണ നിരക്ക് അധികമുള്ള 65 വയസിന് മുകളിലുള്ളവരില്‍ വാക്സിന്‍ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്താനും തീരുമാനമായി.