സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും, ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾ ആദ്യം, 15 മുതൽ എല്ലാക്ലാസുകളും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതിൽ ധാരണയായത്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളാണ് നവംബർ ഒന്നിന് തുറക്കുന്നത്. 10, 12 ക്ലാസുകളും നവംബർ ഒന്നിന് തുറക്കും. നവംബർ 15 മുതൽ മറ്റുള്ള ക്ലാസുകളും തുറക്കാനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരമാസം അടച്ചിട്ട ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പായി നൽകേണ്ട മുന്നൊരുക്കങ്ങൾക്കുള്ള നിർദേശങ്ങളും അവലോകന യോഗത്തിൽ ഉയർന്നു വന്നിരുന്നു. നേരത്തെ ഒക്ടോബർ നാലിന് കോളേജുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു.

പ്രൈമറി തല ക്ളാസുകൾ ഉടൻ ആരംഭിക്കാൻ സാദ്ധ്യതയില്ലെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. എന്നാൽ സംസ്ഥാനത്തെ വാക്സിനേഷൻ 80 ശതമാനം പൂർത്തീകരിച്ച സാഹചര്യത്തിലാണ് പ്രൈമറിതലം മുതലുള്ള ക്ലാസുകൾ തുറക്കാമെന്ന് തീരുമാനിച്ചത്.

സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യത്തിൽ സർക്കാർ നിരവധി ചർച്ചകളും നടത്തിയിരുന്നു.നിലവിൽ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പിന് കൂടുതൽ ശ്രദ്ധ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. പരീക്ഷയുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി അനുവാദം നൽകിയതിനാൽ സ്കൂളുകൾ തുറക്കുന്നതിലും വലിയ തടസ്സമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

അതേസമയം സമയം ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതടക്കം കൂടുതൽ ഇളവുകളിലേക്ക് ഇന്നത്തെ അവലോകനയോഗവും കടന്നില്ല.നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ തുറക്കാനും അനുമതി നൽകിയിട്ടില്ല.