ചന്ദ്രിക കള്ളപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. ചോദ്യം ചെയ്യലിന് കൂടുതൽ സാവകാശം വേണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി വി.കെ ഇബ്രാഹിം കുഞ്ഞിനേയും വിളിപ്പിച്ചിരുന്നത്. അന്വേഷണം റദ്ദാക്കാൻ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്‍റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് എന്നും ഹർജിയിൽ ഇബ്രാഹിംകുഞ്ഞ് പറയുന്നു. കഴിഞ്ഞ വർഷം സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഇബ്രാഹിം കുഞ്ഞ് ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകിയിരുന്നു. സെപ്റ്റംബർ 16ന് ഹാജരാകാനായിരുന്നു നിർദേശം. ഇതിനിടയിലാണ് അപ്പീലുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.