മോഷ്ടിച്ച ലോറിയുമായി കുതിച്ചു, പിന്നാലെ പോലീസും

കോഴിക്കോട്: റോഡരികില്‍നിന്ന് മോഷ്ടിച്ച ലോറിയുമായി രണ്ടുയുവാക്കള്‍ കുതിച്ചുപായുന്നു. സംശയം തോന്നി പോലീസ് പിന്തുടരുന്നതിനിടെ അഞ്ചുവാഹനങ്ങളെ ഇടിച്ചുവീഴ്ത്തുന്നു. ഒടുവില്‍ അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുന്നു… ശനിയാഴ്ച രാവിലെ കണ്ണൂര്‍ റോഡില്‍ എലത്തൂര്‍മുതല്‍ ബിലാത്തികുളംവരെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

വെള്ളിയാഴ്ച രാത്രി മലാപ്പറമ്പിൽ നിന്നാണ് കുന്ദമംഗലം സ്വദേശിയുടെ ടിപ്പര്‍ലോറി മോഷ്ടാക്കള്‍ കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ എലത്തൂരില്‍വെച്ച് സംശയംതോന്നി പോലീസ് കൈകാണിച്ചെങ്കിലും ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ മോഷ്ടിച്ച ലോറിയാണെന്ന് കരുതി എലത്തൂര്‍ പോലീസ് പിന്തുടര്‍ന്നു.

അതിവേഗത്തില്‍ പായുന്നതിനിടെ ലോറി അഞ്ചുവാഹനങ്ങളില്‍ ഇടിച്ചെങ്കിലും യാത്രക്കാര്‍ക്കൊന്നും പരിക്കേറ്റില്ല. ഒടുവില്‍ നടക്കാവിലെത്തിയപ്പോള്‍ പോലീസ് പിടിയിലാകുമെന്ന് കരുതിയ പ്രതികള്‍ വണ്ടി ബിലാത്തികുളം ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. ഇടറോഡിലൂടെ ലോറി ബിലാത്തികുളം ശിവക്ഷേത്രത്തിലേക്ക് ഓടിച്ചുകയറ്റി. നടവഴിയിലൂടെ മുന്നോട്ടുപോകാന്‍ശ്രമിക്കവേ ലോറി ദീപസ്തംഭത്തിലും കല്‍ത്തൂണിലും ഇടിച്ച് കുടുങ്ങി. തുടര്‍ന്ന് മുന്നോട്ടുപോവാന്‍ കഴിയാതെവന്നതോടെ പ്രതികള്‍ ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി.

ലോറി ഓടിച്ച എലത്തൂര്‍ മാട്ടുവയല്‍ അബ്ബാസ് (20), പണിക്കര്‍റോഡ് നാലുകോടിപറമ്പ് നിധീഷ് (22) എന്നിവരെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് അബ്ബാസും സുഹൃത്ത് നിധീഷും ചേര്‍ന്ന് മലാപ്പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കുന്ദമംഗലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെ ഡ്രൈവര്‍ എത്തിയപ്പോഴാണ് ലോറി മോഷണംപോയതായി അറിഞ്ഞത്. ഉടന്‍തന്നെ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് എലത്തൂരില്‍ സംശയാസ്പദമായ രീതിയില്‍ അതിവേഗത്തില്‍ വരുന്ന ലോറി കണ്ടത്. പ്രതികള്‍ മുമ്പും മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

വിചാരിച്ചത് സിനിമാഷൂട്ടിങ് ആണെന്ന്, റോഡില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍

എലത്തൂര്‍: ടിപ്പര്‍ ലോറിയെ അതിസാഹസികമായി പോലീസ് വാഹനം പിന്തുടരുന്നതു കണ്ടപ്പോള്‍ പലരും വിചാരിച്ചത് സിനിമാഷൂട്ടിങ് ആണെന്നാണ്. സിനിമാരംഗങ്ങളെ കടത്തിവെട്ടുന്ന രീതിയിലായിരുന്നു എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. രാജേഷ് കുമാറും സംഘവും ചേര്‍ന്ന് ലോറിയെ പിന്തുടര്‍ന്നത്.

അരമണിക്കൂറോളം പിന്നാലെ പിന്തുടര്‍ന്നാണ് മോഷ്ടാക്കളെയും വാഹനത്തെയും പിടികൂടിയത്. ടിപ്പറിനു പിന്നാലെ ഹോണ്‍ മുഴക്കി കടന്നുപോകുന്ന പോലീസ് ജീപ്പ് കണ്ട് പലരും അമ്പരന്നു.

പുതിയങ്ങാടി ഭാഗത്തുനിന്നുവന്ന ലോറി മൊകവൂര്‍ ബൈപ്പാസിലൂടെയാണ് കടന്നുപോയത്. എരഞ്ഞിക്കല്‍ അമ്പലപ്പടി അയ്യപ്പക്ഷേത്രത്തിനടുത്തുവെച്ച് എസ്.ഐ.യുടെ വാഹനം കുറുകെനിര്‍ത്തി ലോറി പിടികൂടാന്‍ ശ്രമംനടത്തിയെങ്കിലും പോലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിക്കാനുള്ള ശ്രമംനടന്നു.

ലോറിയെ വിടാതെ പിന്തുടര്‍ന്ന് പോലീസ് എലത്തൂര്‍ സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി.പാവങ്ങാടുവെച്ച് പിടികൂടാന്‍ ശ്രമംനടത്തിയെങ്കിലും ഡിവൈഡര്‍ ഇടിച്ചുതെറിപ്പിച്ച ടിപ്പര്‍ നടക്കാവ് വഴി ബിലാത്തിക്കുളം റോഡിലേക്ക് കയറിയതോടെയാണ് പോലീസിന് പിടിവള്ളികിട്ടിയത്.

എസ്.ഐ. കെ. രാജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. സുഭീഷ്, കെ. സുര്‍ജിത്ത് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു