ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പുതിയ വാക്സിനേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ രീതി കൂടി നിലവില്‍ വരുന്നു. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (PCV) (Pneumococcal Conjugate Vaccine) ആണ് ഒക്ടോബര്‍ മാസം മുതല്‍ ലഭ്യമാക്കുന്നത്.
ന്യൂമോകോക്കസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് ഈ വാക്സിന്‍ സഹായകരമാണ് . 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്സിനുകള്‍ നല്കുന്നതിനാണ് തീരുമാനമായിട്ടുള്ളത്.
ഇതിനു വേണ്ടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വിദഗ്ധ പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട് . പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ വാക്സിനേഷന്‍ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു.
സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി വ്യാപിച്ച് പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നു കണ്ടെത്തിയിട്ടുണ്ട്.ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയെല്ലാം ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.