വെള്ളം നിറച്ചുവച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു

ആലങ്ങാട്: കുളിമുറിയിലെ വെള്ളം നിറച്ചുവച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടിൽ മഹേഷിൻറെയും സോനയുടെ മകൾ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് സോനയുടെ വീട്ടിൽ വച്ചായിരുന്നു അപകടം.

കരുമാലൂർ മനയ്ക്കപ്പറ്റിലെ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ അന്വേഷിച്ചു. അപ്പോഴാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ കുട്ടി മുങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിൽ എത്തിയെങ്കിലും മരണം സംഭവിച്ചു. കുട്ടിയുടെ അച്ഛൻ മഹേഷ് കളമശേരി സൗത്ത് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനാണ്.