മറൈൻ മ്യൂസിയം; ഫിഷറീസ് യൂണിവേഴ്സിറ്റി ഇടപെടൽ സ്വാഗതാർഹം: ഇ.ടി. മുഹമ്മദ്‌ ബഷീർ എം. പി

പൊന്നാനിയിൽ ഭാരതപുഴയോട് ചേർന്ന ഭാഗത്ത്‌ നിർമാണം ആരംഭിച്ചു അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്ന പൊന്നാനി മറൈൻ മ്യൂസിയം പദ്ധതിയുടെ പൂർത്തികരണത്തിന് ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ സഹകരണം സ്വാഗതം ചെയ്യുന്നുവെന്ന് പദ്ധതിക്ക്‌ തുടക്കം കുറിച്ച ഇ. ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

ഇ. ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും ടൂറിസം വകുപ്പിന്റെ നാലര കോടി രൂപയും ഉപയോഗിച്ച് നിർമാണം ആരംഭിച്ച പദ്ധതി ചില സാങ്കേതിക കാരണങ്ങളാൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.

സമുദ്രത്തെയും അതിന്റെ അനുബന്ധ സംഗതികളെയും കുറിച്ചും മത്സ്യ ബന്ധനത്തിന്റെയും ചരക്ക് നീക്കത്തിന്റെ വിവിധ കാലഘട്ടങ്ങളെ സംബന്ധിച്ചും പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും അതോടൊപ്പം വിനോദത്തിനും സൗകര്യം ഒരുക്കികൊണ്ടുള്ള സമഗ്ര പദ്ധതിയാണ് എം.പി വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതിക്ക് വേണ്ടിയുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്ന ജോലി ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് പദ്ധതി നിർവഹണത്തിൽ ഉണ്ടായിട്ടുള്ള അലംഭാവവും പ്രദർശന വസ്തുക്കൾ സ്ഥാപിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പവും പദ്ധതി നീണ്ടുപോകാൻ കാരണമായി. ഈ സാഹചര്യത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിന് ഫിഷറീസ് സർവ്വ കലാശാലയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടുള്ള ഇടപെടൽ സ്വാഗതാർഹമാണ്. ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ തന്നെ ഗവേഷണ കേന്ദ്രം തുടങ്ങുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. സർവ്വ കലാശാല വൈസ് ചാൻസെലറുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായി ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി അറിയിച്ചു.