ആരാണ് ആ ഭാഗ്യശാലി? സസ്പെന്‍സ് നിലനിര്‍ത്തി ഓണം ബമ്പര്‍

കൊച്ചി: ആരാണ് ആ ഭാഗ്യശാലി അന്വേഷണം ഇപ്പോഴും തുടരുകയാണ്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. ഫല പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിജയിയെക്കുറിച്ചുള്ള സസ്‌പെന്‍സ് തുടരുകയാണ്. സമ്മാനാര്‍ഹമായ ടിക്കറ്റുമായി ഇതുവരെയും ആരും വില്‍പ്പന നടത്തിയ കടയില്‍ എത്തിയിട്ടില്ല. വിജയിയെ തേടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

തിരുവനന്തപുരം ഗോര്‍ഗി ഭവനിലായിരുന്നു ഓണം ബമ്പറിന്റെ നറുക്കെടുപ്പ്. 2.15-ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഭാഗ്യശാലിയെ കണ്ടെത്താനായി ബട്ടറമര്‍ത്തി. ടി ഇ 645465 എന്ന നമ്പര്‍ സ്‌ക്രീനില്‍ തെളിഞ്ഞു. ടിക്കറ്റ് വില്‍പ്പന നടത്തിയത് ത്യപ്പൂണിത്തുറയില്‍ നിന്നാണ് വിവരം വന്നതോടെ എല്ലാ കണ്ണുകളും മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഓഫീസിലേയ്ക്കായി.

മാധ്യമപ്രവര്‍ത്തകരാണ് ആദ്യം ഷോപ്പിലേയ്ക്ക് എത്തിയത്. പിന്നാലെ നാട്ടുകാരും ഒത്തുകൂടി. മധുരം പങ്കുവെച്ച് ഷോപ്പിലെ ഉടമകളും. വാഹനത്തില്‍ വന്നവരും വിവരങ്ങള്‍ ചോദിച്ച ശേഷം കടന്ന് പോകുകയായിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യശാലിയാരാണെന്ന് മാത്രം.

ത്യപ്പൂണിത്തുറയിലെ തന്നെ പലയിടങ്ങളിലും വിജയിയുടെ പേര് ഉയര്‍ന്ന് വന്നു. പക്ഷെ അതൊന്നും വിശ്വാസയോഗ്യമായിരുന്നില്ല. അതുകൊണ്ട് വിജയിയെ തേടി അന്വേഷണം വീണ്ടും തുടരുകയും ചെയ്തു. ലോട്ടറി ഏജന്റ് മുരുകേശനും നിരവധി ഫോണ്‍കോളുകള്‍ വന്നു. പക്ഷെ ടിക്കറ്റ് നമ്പര്‍ എഡിറ്റ് ചെയ്താണ് പലരും അയച്ചുകൊടുത്ത്. ഒര്‍ജിനല്‍ അല്ലെന്ന് വേഗത്തില്‍ കണ്ടെത്താനുമായി. ബമ്പര്‍ അടിച്ചാല്‍ ആരും വേഗത്തില്‍ അത് വെളിപ്പെടുത്താറില്ല. 12 കോടിയുടെ ടിക്കറ്റ് കൈവശമുണ്ടെന്ന വിവരമറിഞ്ഞാല്‍ അത് അപഹരിയ്ക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ബാങ്കില്‍ നേരിട്ട് ഹാജരാക്കുന്നവരുമുണ്ട്. വൈകാതെ വിജയി എത്തുമെന്ന് പ്രതീക്ഷയാണുള്ളത്.

ത്യപ്പൂണിത്തുറ ടൗണിലാണ് മീനാക്ഷി ലോട്ടറി കട. ഇവിടെ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങിയ ആര്‍ക്കോ ആണ് ബംപര്‍ അടിച്ചത്. കടകളില്‍ ഉണ്ടായിരുന്ന സ്റ്റോക്കില്‍ നിന്നാണ് സമ്മാനം അടിച്ചിരുന്നതെങ്കില്‍ വേഗത്തില്‍ തിരിച്ചറിയുകയും ചെയ്യാമായിരുന്നു. ത്യപ്പൂണിത്തുറയില്‍ താമസിയ്ക്കുന്ന ആര്‍ക്കെങ്കിലുമായിരിയ്ക്കും ലോട്ടറി അടിച്ചിരിയ്ക്കാന്‍ കൂടുതല്‍ സാധ്യതയെന്നാണ് വില്‍പ്പന നടത്തിയവരും പറയുന്നത്.
ഭാഗ്യം നേരത്തെയും കനിഞ്ഞിട്ടുണ്ട് മീനാക്ഷി ലോട്ടറീസിലൂടെ. കഴിഞ്ഞ ഓണം ബംപറില്‍ രണ്ടാം സമ്മാനമായ രണ്ട് കോടി അടിച്ചത് ഇതെ ഷോപ്പില്‍ നിന്ന് വിറ്റ ടിക്കറ്റിന് തന്നെയായിരുന്നു. ഭാഗ്യം വീണ്ടും അതെ കടയില്‍ തന്നെയെത്തി. കഴിഞ്ഞ തവണ ഓണം ബംപര്‍ എറണാകുളം ജില്ലയില്‍ നിന്നായിരുന്നു.

ഇത്തവണയും ബംപര്‍ എറണാകുളത്തെ കൈവിട്ടില്ലെന്ന പ്രത്യേകതയും ഉണ്ട്. ഒന്നാം സമ്മാനമായ 12 കോടി രൂപയില്‍ 7.56 കോടി രൂപയായിരിയ്ക്കും ലോട്ടറി എടുത്ത ആള്‍ക്ക് ലഭിയ്ക്കുക. ബാക്കി തുക സര്‍ക്കാരിലേയ്ക്ക് നികുതിയും എജന്റിനുള്ള കമ്മീഷനുമായി നല്‍കും. ഇത്തവണ 54 ലക്ഷം ടിക്കറ്റായിരുന്നു അച്ചടിച്ചത്. ഇത് മുഴുവനും വിറ്റു പോകുകയും ചെയതിരുന്നു.126 കോടി 56 ലക്ഷം രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിച്ചത്. സമ്മാനവും കമ്മീഷനും കഴിഞ്ഞ് 30 കോടി 54 ലക്ഷം രൂപയുടെ ലാഭം സര്‍ക്കാരിനുണ്ടാകും.