കാലിക്കറ്റിൽ എസ്.എഫ്.ഐയുടെ രാപ്പകൽ സമരം തുടങ്ങി
ചേളാരി: കാലിക്കറ്റ് സർവ്വകലാശാല തുടർന്ന്പോരുന്ന വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ എസ്.എഫ്.ഐയുടെ രാപ്പകൽ സമരം ആരംഭിച്ചു.
അവേക്ക് വാഴ്സിറ്റി എന്ന പേരിൽ ആരംഭിച്ച സമരം ഉന്നയിക്കുന്ന വിഷയങ്ങളിൽ തീരുമാനമാവുന്നത് വരെ അനിശ്ചിതകാലത്തേക്ക് തുടരാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.
യൂണിവേഴ്‌സിറ്റി പരീക്ഷാഭവന്റെ പ്രവർത്തനം സുതാര്യമാക്കാൻ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ഉടൻ നടപ്പിലാക്കുക, ടാഗോറിലെയും പരീക്ഷാഭവനുകളിലെയും ഫ്രണ്ട് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക,
കോവിഡ് കാല പരീക്ഷകളിലെ കൂട്ടത്തോൽവിയുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കുക,
റിസേർച്ച് സെന്ററുകളിലെ ഗവേഷക വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഫെലോഷിപ്പ് അനുവദിക്കുക. തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് എസ്.എഫ്.ഐ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിവിധ കാലങ്ങളായ് സർവകലാശാലക്ക് മുമ്പിൽ വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളായ ഇവ പരിഹരിക്കപ്പെടാതെ പോവുന്നതിനാലാണ് അനിശ്ചിതകാല സമരമേറ്റെടുക്കാൻ എസ്.എഫ്. ഐ തീരുമാനിച്ചത്.

എസ്. എഫ്. ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി സാനു സമരം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടറി കെ. എ സക്കീർ സ്വാഗതവും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അതുൽ. ടി അധ്യക്ഷതയും വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, കേന്ദ്രകമ്മിറ്റിയംഗങ്ങളായ അഡ്വ: രഹന സബീന ടി.പി, കെ. പി ഐശ്വര്യ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ. അഫ്സൽ,കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ. സിദ്ധാർത്ഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തേജസ് കെ ജയൻ ,എം സജാദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ മുഴുവൻ കോളേജുകളിലും സമരത്തിനോട് ഐക്യദാർഢ്യസദസ്സുകൾ സംഘടിപ്പിക്കും. മുഴുവൻ അവകാശങ്ങളും നേടിയെടുക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്ന് എസ്.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു.
ച