മദ്യപിച്ച് വഴക്കുണ്ടാക്കി, പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ മകനെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ട ഇയാള്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് രതീഷും അച്ഛനും തമ്മില്‍ വഴക്കുണ്ടാവുകയും ബാലന്‍ മുളവടി കൊണ്ട് മകനെ മര്‍ദിക്കുകയുമായിരുന്നു.

കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മകനെ മര്‍ദിച്ചതെന്നാണ് ബാലന്റെ മൊഴി. മദ്യപിച്ചെത്തുന്ന മകന്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ബാലനെ കഴിഞ്ഞദിവസം രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട രതീഷ് നേരത്തെ ചില കേസുകളില്‍ പ്രതിയാണെന്നും ആലത്തൂര്‍ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.