രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ചു; എസ്ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പൂവാറിൽ രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. പൂവാർ പൊലീസ് സ്റ്റേഷൻ എസ്ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പൂവാർ കല്ലിംഗവിളാകാം സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുധീർഖാനെയാണ് കഴിഞ്ഞ ദിവസം എസ്ഐ അതിക്രൂരമായി മർദിച്ചത്.

പൂവാർ പെട്രോൾ പമ്പിന് മുൻപിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ ബസ് കയറ്റിവിട്ട ശേഷം നിൽക്കുമ്പോഴായിരുന്നു സംഭവം.എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിച്ചതോടെയാണ് എസ്ഐ റോഡിൽവച്ചും പൊലീസ് ജീപ്പിനകത്തുവച്ചും മർദനം തുടങ്ങിയത്. പിന്നീട് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയും ക്രൂരമായി മർദിച്ചു. ഗുരുതരമായി മർദനമേറ്റ സുധീർഖാൻ ചികിത്സയിലാണ്.