കൊണ്ടോട്ടിയിൽ 10 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കൊണ്ടോട്ടി: വില്പനക്കായി കാറിൽ കടത്തികൊണ്ടു വന്ന 17 കിലോ കഞ്ചാവുമായി കോഴിക്കോട്​ സ്വദേശികളായ മൂന്നു പേർ പിടിയിൽ. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപോയിൽ ലിപിൻ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കൽ ഷാജി (51), താമരശ്ശേരി തച്ചൻ പോയിൽ അബ്ദുൾ ജലീൽ (38) എന്നിവരെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കൊണ്ടോട്ടി ടൗണിൽ നിന്നാണ് 10 ലക്ഷത്തോളം വിലവരുന്ന കഞ്ചാവ് പിടികൂടിയത്. കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി രൂപീകരിച്ച സംഘത്തിന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇവരുടെ സംഘത്തിൽപ്പെട്ട ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.