മലപ്പുറം ജില്ലയിൽ വനം വകുപ്പ് വെടിവെച്ചുകൊന്നത് 88 കാട്ടുപന്നികളെ

നിലമ്പൂർ: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി ലഭിച്ച ശേഷം ജില്ലയിൽ വനം വകുപ്പ് വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ. നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിൽ 45ഉം നോർത്ത് ഡിവിഷൻ പരിധിയിൽ 43ഉം കാട്ടുപന്നികളെയാണ് ഇതുവരെ വെടിവെച്ചു കൊന്നത്.

തോക്ക് ലൈസൻസുള്ള 27 പേർക്കാണ് നിലമ്പൂർ, സൗത്ത്, നോർത്ത് ഡിവിഷനുകളിലായി കാട്ടുപന്നികളെ വെടിവെക്കാൻ വനം വകുപ്പ് അനുമതി നൽകിയിട്ടുള്ളത്. വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കൃഷിയിടങ്ങളിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെയാണ് വെടിവെച്ച് കൊല്ലുക.

വനപാലകർ എത്തി പന്നിയുടെ ജഡം പരിശോധിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടും. ജില്ലയിൽ കർഷക വിളകൾ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത് കാട്ടുപന്നികളാണ്. ശല്യക്കാരായ കാട്ടുപന്നികളെ വനംവകുപ്പിന്റെ നേതൃത്വത്തിൽ കൊന്നു തുടങ്ങിയത് കർഷകർക്ക് വലിയ ആശ്വാസമാകുകയാണ്.