പാമ്പ് കടിയേറ്റ് നാലരവയസുകാരി മരിച്ചു

പാമ്പ് കടിയേറ്റ് നാലരവയസുകാരി മരിച്ചു

സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് ആരോപണം

മലയിൻകീഴ്: വീടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന നാലരവയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു.അന്തിയൂർക്കോണം കൊല്ലോട് മുണ്ടൂർ‌കോണത്ത് വടക്കുംകര വീട്ടിൽ ആർ.രതീഷ് – എം.രമ്യ ദമ്പതികളുടെ മകൾ അന്നമോളാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. കാൽ ചുവരിൽ തട്ടി മുറിഞ്ഞുവെന്ന് അന്നമോൾ മാതാപിതാക്കളോട് പറഞ്ഞിരുന്നു. അധികം വൈകാതെ മയങ്ങിവീണു. ഛർദ്ദിക്കുകയും നുരയും പതയും വരികയും ചെയ്തതോടെ കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സപോലും നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ വരില്ലെന്നും കൊണ്ടു പോകാനും പറഞ്ഞു. നെയ്യാർ മെഡിസിറ്റിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയ ശേഷം എസ്.എ.ടി.ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അവിടെ വിശദമായ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്. ഇടതു പാദത്തിൽ പാമ്പിന്റെ കടിയേറ്റതിന്റെ പാടുകളും കണ്ടെത്തി.

വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 10 മണിയോടെ മരണം സംഭവിച്ചു.

സ്കൂൾ തുറക്കുമ്പോൾ എൽ.കെ.ജി.യിൽ ചേർക്കാനിരിക്കുകയായിരുന്നു. രതീഷ് ക്ഷീര കർഷകനാണ്. ടൈൽ പണിക്കും പോകാറുണ്ട്. കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനാൽ മൃതദേഹം വീടിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് സംസ്കരിച്ചത്. ഏക സഹോദരി : അനന്യ.